സിയോൾ: ചവറുകൾ നിറച്ച ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് അയച്ച് ഉത്തരകൊറിയ. ടോയ്‌ലെറ്റ് പേപ്പർ, മനുഷ്യന്റെയും മൃഗങ്ങളുടേയും വിസർജ്യം എന്നിവയടക്കമുള്ള മാലിന്യങ്ങൾ നിറച്ച നൂറുകണക്കിന് ബലൂണുകളാണ് പ്രധാനശത്രുവായ ദക്ഷിണ കൊറിയയിലേക്ക് പറത്തിവിട്ടത്. ഉത്തരകൊറിയയുടെ തരംതാണ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സിയോൾ രംഗത്തെത്തി.
മാലിന്യങ്ങളടങ്ങുന്ന കവറുകൾ ബലൂണിന്റെ അറ്റത്ത് കെട്ടിയിട്ടാണ് അയച്ചിരിക്കുന്നത്. നിശ്ചിത സമയം കഴിഞ്ഞാൽ ബലൂണുകൾ പൊട്ടുന്ന രീതിയിലാണ് നിർമാണം. ഇതോടെ മാലിന്യം നിറച്ച കവർ നിലത്തേക്ക് പതിക്കും. ഇതിന്റെ ദൃശ്യങ്ങൾ സിയോൾ പുറത്തുവിട്ടിട്ടുണ്ട്. ഗ്യോംഗി – ഗാംഗ് വോൺ അതിർത്തിയിൽ ഉത്തരകൊറിയൻ പ്രൊപ്പഗണ്ട പരത്തുന്ന ലഘുലേഖകൾ നേരത്തെ കണ്ടുകിട്ടിയിരുന്നു. ഇത്തരത്തിൽ അജ്ഞാതമായ എന്ത് വസ്തുക്കൾ ലഭിച്ചാലും അവയുമായി നേരിട്ട് സമ്പർക്കം പുലർത്തരുതെന്നും അടുത്തുള്ള സൈനിക താവളത്തിൽ വിവരമറിയിക്കണമെന്നും ദക്ഷിണ കൊറിയയിലെ ജനങ്ങൾക്ക് സൈനിക മേധാവി നിർദേശം നൽകി.
അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ചാണ് ഉത്തരകൊറിയ പ്രവർത്തിക്കുന്നത്. ദക്ഷിണ കൊറിയൻ ജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണിത്. ഇത്തരം മനുഷ്യത്വരഹിതവും നിലവാരം കുറഞ്ഞതുമായ നീക്കങ്ങൾ അവസാനിപ്പിക്കാൻ ഉത്തരകൊറിയ തയ്യാറാകണമെന്നും സിയോൾ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി മുതൽ ഇരുന്നൂറിലധികം മാലിന്യബലൂണുകൾ ഉത്തരകൊറിയയിൽ നിന്നും ദക്ഷിണ കൊറിയയിലേക്ക് എത്തിയിരുന്നു.















