ഓസ്ട്രേലിയയിലെ എല്ലാ വേദികളിലും സെഞ്ച്വറി നേടിയ കളിക്കാരാണ് മുൻ ഇംഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്കും മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറും. ഇക്കാര്യം ചൂണ്ടിക്കാട്ടി വിരാട് കോലിയെ കുത്തിയിരക്കുകയാണ് ഗവാസ്കർ. ഓസ്ട്രേലിയ-ഇന്ത്യ സമ്മർ ഓഫ് ക്രിക്കറ്റിന്റെ ലോഞ്ചിലാണ് ഗവാസ്കറിന്റെ പരാമർശം.
വിരാട് കോലി എല്ലാ ഓസ്ട്രേലിയൻ വേദികളിലും ടെസ്റ്റ് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാകണം. അതാണ് എന്റെ വ്യക്തിപരമായ ആഗ്രഹം. എനിക്ക് തോന്നുന്നത് വിരാടിന് ഗാബയിൽ ടെസ്റ്റിൽ സെഞ്ച്വറി നേടാനായിട്ടില്ല എന്നാണ്.
എന്നാൽ അവിടെ സെഞ്ച്വറി നേടിയാൽ എനിക്കും അലിസ്റ്റർ കുക്കിനും ശേഷം ആ നേട്ടം സ്വന്തമാക്കുന്ന താരമാകും കോലി. അഡ്ലെയ്ഡിൽ വിരാടിന് മൂന്ന് സെഞ്ച്വറിയുണ്ട്. പെർത്തിൽ രണ്ടെണ്ണവും സിഡ്നിയിലും മെൽബണിലും ഓരോ സെഞ്ച്വറി വീതവും കോലിക്കുണ്ട്. ഈ വർഷം അവസാനമുള്ള ഓസ്ട്രേലിയൻ ടൂറിൽ വിരാടിന് ഈ റെക്കോർഡ് മറികടക്കാൻ അവസരമുണ്ട്.