ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തോടെ മൂന്നാം മോദി സർക്കാർ അധികാരത്തിലേറുന്ന കാഴ്ചയ്‌ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. 2014ലും 2019ലും ബിജെപി അധികാരത്തിലേറി. ചരിത്രം വീണ്ടും ആവർത്തിക്കാൻ പോവുകയാണെന്നും എന്നാൽ കോൺഗ്രസിന്റെ അവസ്ഥ 2019നെക്കാൾ മോശമായിരിക്കുമെന്നും മോഹൻ യാദവ് പറഞ്ഞു. ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി ശ്രാവൺ ഗോണ്ടിന്റെ പ്രചാരണ റാലിയ്‌ക്കിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” 2024ൽ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടാൻ പോവുകയാണ്. മൂന്നാം മോദി സർക്കാർ വൈകാതെ ഭാരതത്തിൽ വീണ്ടും അധികാരത്തിലേറും. 2014ൽ കോൺഗ്രസിന് 115 സീറ്റുകൾ നേടാൻ സാധിച്ചു. 2019ൽ അതിൽ നിന്ന് വീണ്ടും കുറഞ്ഞു. ഇത്തവണ കോൺഗ്രസിന്റെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണം. 80 സീറ്റുകളിൽ 79ലും വിജയം കൈവരിക്കുമെന്ന അഖിലേഷ് യാദവിന്റെ പരാമർശത്തിൽ കഴമ്പില്ലെന്നും മോഹൻ യാദവ് പറഞ്ഞു.
ആറാം ഘട്ട വോട്ടെടുപ്പ് നടന്നു, ഇനി ഏഴാം ഘട്ട വോട്ടെടുപ്പിനായുള്ള ആവേശത്തിലാണ് ജനങ്ങൾ. അടുത്ത തവണയും നരേന്ദ്രമോദിയെ തന്നെ ജനങ്ങൾ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് സാധാരണക്കാരുടെ സ്‌നേഹവും വിശ്വാസവും കാണുമ്പോൾ മനസിലാക്കാൻ സാധിക്കുമെന്നും മോഹൻ യാദവ് കൂട്ടിച്ചേർത്തു. കനത്ത ചൂടും അവഗണിച്ചാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്താനും പ്രചാരണ റാലിയിൽ പങ്കെടുക്കാനും എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ രാഷ്‌ട്രീയ ഭാവി അസ്തമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. രാഹുലിന് മേൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തിന്റെ അവസാന കണികയും നഷ്ടമായിരിക്കുന്നു. 10 കിലോ റേഷനും തൊഴിലില്ലായിമ പരിഹരിക്കുമെന്നതൊക്കെയാണ് കോൺഗ്രസ് നൽകുന്ന വാഗ്ദാനങ്ങൾ. എന്നാൽ അധികാരത്തിൽ വരുന്ന കാര്യം കോൺഗ്രസ് നേതാക്കൾക്ക് തന്നെ സംശയമാണെന്നും മോഹൻ യാദവ് പരിഹസിച്ചു.