ഹാമീർപൂർ: സഖ്യത്തിന്റെ ഭാഗമായ അംഗങ്ങളെ ഒന്നിച്ച് നിർത്താൻ കഴിയാത്തവർ എങ്ങിനെയാണ് രാജ്യത്തെ ഒരുമിച്ച് നിർത്തുന്നതെന്ന പരിഹാസവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇൻഡി മുന്നണിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ചിലയിടങ്ങളിൽ പരസ്പരം പോരാടുകയാണ്, ഒന്നിച്ച് നിൽക്കാൻ സാധിക്കുന്നില്ലെന്നും അവർ പറയുന്നു. എന്നാൽ രാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടി രൂപംകൊണ്ട സഖ്യമാണെന്നാണ് ഇക്കൂട്ടർ അവകാശപ്പെടുന്നതെന്നും യോഗി ആദിത്യനാഥ് പറയുന്നു. ഉത്തർപ്രദേശിലെ ഹാമിർപൂരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇൻഡി സഖ്യം ഇപ്പോൾ രാജ്യത്തുണ്ട്. ആം ആദ്മി പാർട്ടി ഈ സഖ്യത്തിന്റെ ഭാഗമാണ്. പഞ്ചാബിൽ ആം ആദ്മി സർക്കാരാണ് ഭരിക്കുന്നത്. അവിടെ ഇരുകൂട്ടരും പരസ്പരം പോരാടുകയാണ്. തൃണമൂൽ കോൺഗ്രസും ഇൻഡി മുന്നണിയുടെ ഭാഗമാണ്. ബംഗാളിൽ തൃണമൂലും കോൺഗ്രസും ഒരുമിച്ചല്ല, അവിടെയും നേർക്കുനേർ മത്സരമാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇതേ സാഹചര്യം തന്നെയാണ്. അവർക്ക് പരസ്പരം ഒരുമിച്ച് നിൽക്കാൻ കഴിയുന്നില്ലെങ്കിൽ, അവർ എങ്ങനെയാണ് രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തുമെന്ന് പറയുന്നത്.
ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മിറ്റി രൂപീകരിച്ചത് കോൺഗ്രസാണ്. അതുവഴി ഒബിസി വിഭാഗത്തിന്റെ സംവരണം അവർ മുസ്ലീങ്ങൾക്ക് നൽകി. ജസ്റ്റിസ് സച്ചാർ കമ്മിറ്റിക്ക് അവർ രൂപം കൊടുത്തു. എസ്‌സി, എസ്ടി സംവരണം മുസ്ലീങ്ങൾക്ക് വിട്ടുകൊടുക്കുന്നതായിരുന്നു ലക്ഷ്യം. ഇതിനെതിരെ പ്രതിഷേധം ഉയർത്തിയത് ബിജെപിയാണ്. കോൺഗ്രസിന്റെ നീക്കങ്ങൾ ഒരുകാലത്തും അനുവദിച്ച് കൊടുക്കില്ല. പ്രകടനപത്രികയിലും അവർ ഇതേകാര്യം തന്നെയാണ് പറയുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുന്നതാണ് കോൺഗ്രസിന്റെ നയവും രാഷ്‌ട്രീയവും. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള അവരുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മനസിലാകുമെന്നും” യോഗി ആദിത്യനാഥ് പറയുന്നു.















