ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ വൻ ശക്തിയായി ഉയർന്നുവെന്നത് പാകിസ്താൻ പോലും അംഗീകരിക്കുന്ന കാര്യമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയുടെ വളർച്ചയെ അംഗീകരിക്കുമ്പോൾ മറുവശത്ത് എസ്പിയും കോൺഗ്രസും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംസാരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് വിമർശിച്ചു.
കുശിനറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” രാജ്യം ഇന്ന് വളർച്ചയുടെ പാതയിലാണ്. ലോകരാജ്യങ്ങൾ ഇന്ത്യയുടേയും പ്രധാനമന്ത്രിയുടേയും തീരുമാനങ്ങൾക്ക് വലിയ വില കൊടുക്കുന്നുണ്ട്. ഇന്ത്യയെ എവിടെയും താഴ്‌ത്തിക്കെട്ടുക എന്നതാണ് ഇപ്പോൾ കോൺഗ്രസിന്റെ ശീലം. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ലഭിക്കുന്ന അംഗീകാരങ്ങളെ അവർ കാണുന്നില്ല. മറിച്ച് വിദേശരാജ്യങ്ങളിൽ ചെന്ന് പോലും സ്വന്തം രാജ്യത്തെ മോശമായി ചിത്രീകരിക്കാനാണ് കോൺഗ്രസിന്റെ നേതാക്കൾ ശ്രമിക്കുന്നത്.
ഇന്ത്യ ഇന്ന് ഒരു മഹാശക്തിയായി മാറിയപ്പോൾ, പാകിസ്താൻ ലോകത്തിന്റെ ഭിക്ഷാടനപാത്രമായി മാറിയെന്നാണ് ഒരു പ്രമുഖ പാക് രാഷ്‌ട്രീയ നേതാവ് പറഞ്ഞത്. ഇന്ത്യയുടെ വളർച്ച അതിവേഗമാണെന്ന് അവർ സമ്മതിച്ച് തരുന്നു. മോദിയെ പോലെ ഒരു നേതാവ് തങ്ങൾക്ക് വേണമെന്ന് പാകിസ്താനിലെ ജനങ്ങൾ പോലും പരസ്യമായി പറഞ്ഞിട്ടുണ്ട്. വികസനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വികസനം ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ് പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ. ദീർഘവീക്ഷണത്തോടെ പ്രധാനമന്ത്രി നടപ്പാക്കുന്ന പദ്ധതികളെ ലോകരാജ്യങ്ങളും വലിയ പ്രതീക്ഷയോടെ തന്നെയാണ് നോക്കിക്കാണുന്നത്.
മൂന്നാം വട്ടവും ബിജെപി അധികാരത്തിൽ വരുമ്പോൾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കും. ഒന്നിലധികം തെരഞ്ഞെടുപ്പുകൾ നടക്കുന്നത് രാജ്യത്തിന് ഒരു രീതിയിലും ഗുണകരമായ കാര്യമല്ലെന്നാണ് ബിജെപി വിശ്വസിക്കുന്നത്. സമയവും പണവും എല്ലാം പാഴാക്കുന്ന നടപടിയാണത്. ഈ തെരഞ്ഞെടുപ്പോടെ യുപിയിലെ രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികൾ ഇല്ലാതാകും. സമാജ്‌വാദി പാർട്ടി വൈകാതെ തന്നെ സമാപ്ത് പാർട്ടിയായി മാറും. പത്ത് വർഷം കൊണ്ട് കോൺഗ്രസ് രാഷ്‌ട്രീയ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകുമെന്നും” രാജ്‌നാഥ് സിംഗ് പരിഹസിച്ചു.