ന്യൂഡൽഹി: പുണ്യ നദി ഗംഗയുടെ ശുചീകരണം ലക്ഷ്യം വച്ച് നടപ്പിലാക്കിയ ‘നമാമി ഗംഗേ’ പദ്ധതിക്ക് കീഴിലുള്ള സംരംഭങ്ങളെ പ്രശംസിച്ച് വിദഗ്ധർ. ജനങ്ങളെ കൂടുതൽ നദിയുമായി ബന്ധിപ്പിക്കുന്നതിനും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതിനും പദ്ധതി വളരെയധികം സഹായകമായതായി ഐഐടി കാൺപൂരിലെ പ്രൊഫസർ ഡോ. വിനോദ് താരെ പറഞ്ഞു. ‘നമാമി ഗംഗേ’ പദ്ധതി പത്തു വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ പദ്ധതി പൊതു ഇടപെടലുകളിലും അടിസ്ഥാന സൗകര്യ വികസനങ്ങളിലും ഉണ്ടാക്കിയ സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ മികച്ച പത്ത് പുനരുദ്ധാരണ പദ്ധതികളിൽ ഒന്നായി യുഎൻ ‘നമാമി ഗംഗേ’ പദ്ധതിയെ അംഗീകരിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാരാണസിയിലെ ജനങ്ങൾ നദിയുമായി കൂടുതൽ അടുത്തുവെന്നും പലയിടത്തും നദീതീരത്തെ ഘാട്ടുകൾ പുനർ നിർമ്മിക്കുകയും മലിനജല സംസ്കരണത്തിൽ കൂടുതൽ ഊന്നൽ നൽകിയതായും അദ്ദേഹത്തെ പറഞ്ഞു. നദികളുടെ ശുചീകരണ പ്രക്രിയ എന്ന് പറയുന്നത് ഒരിക്കലും ആർക്കും പത്തിൽ പത്ത് മാർക്ക് നല്കാൻ കഴിയുന്ന കാര്യമല്ല. കാരണം പൂർണമായ ഫലപ്രാപ്‌തി പത്ത് വർഷങ്ങൾ കൊണ്ട് സാധ്യമാകുന്നതല്ലെന്ന് എല്ലാവർക്കുമറിയാം. ഇത് ക്രമേണ പുരോഗതി പ്രാപിക്കുന്ന പദ്ധതിയാണ്. എന്നാൽ വ്യക്തമായ മാറ്റങ്ങൾ ഗംഗയ്‌ക്ക് ഈ പത്ത് വർഷങ്ങൾ കൊണ്ട് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖരമാലിന്യങ്ങൾ മുൻപ് ശുദ്ധീകരിച്ചിരുന്നില്ല. ഇന്നലെ ഇപ്പോൾ മലിനജലം ശുദ്ധീകരിക്കുകയും അത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
പദ്ധതിയിൽ കൂടുതൽ നൂതനമായ സമീപനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഗംഗയുടേയും അതിന്റെ പോഷക നദികളുടെയും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതിന്റെ ഫലമായി നദിയിലെ ജൈവ വൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും പുനഃസ്ഥാപനത്തിൽ കാര്യമായ പുരോഗതിയുണ്ടായി. ഗംഗാ ഡോൾഫിനുകൾ,ആമകൾ എന്നിവയുൾപ്പെടെയുള്ള വിവിധ ജീവജാലങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗാ പദ്ധതി പ്രകാരം നമാമി ഗംഗേ മിഷന് കീഴിൽ വാരാണസിയിൽ 1469 കോടി രൂപ ചെലവിൽ 17 പദ്ധതികളാണ് ഗംഗയുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കിയത്.