തിരുവനന്തപുരം:സംസ്ഥാനത്തെ ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരിൽ പദ്ധതി പ്രഖ്യാപനങ്ങൾക്ക് പിന്നാലെ പരസ്യത്തിന് വേണ്ടി മാത്രം കോടികൾ ചെലവാക്കി സർക്കാർ. 148 കോടിയാണ് രണ്ടാം പിണറായി സർക്കാർ പരസ്യത്തിനായി ചെലവാക്കിയത്. കാരവാൻ ടൂറിസം മുതൽ ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ പുനരുദ്ധാരണം വരെ പ്രഖ്യാപനങ്ങൾക്ക് ഒരു കുറവും ഇല്ലാത്ത വർഷമാണിത്. എന്നാൽ പദ്ധതി പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പക്ഷേ പരസ്യങ്ങൾക്ക് വേണ്ടി കോടികളാണ് മുടക്കിയത്.
2012 മുതൽ 2023 വരെ 148,33,97,191 രൂപയാണ് നാല് പരസ്യ ഏജൻസികൾക്ക് വേണ്ടി ചെലവാക്കിയത്. സർക്കാർ അനുമതിയോടെ കരാർ അനുസരിച്ചും ധനവിനിയോഗ അധികാര പരിധി പരിഗണിച്ചുമാണ് കരാർ നൽകുന്നതെന്നുമാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം.
ഇതുവരെയും ആരംഭിക്കാത്ത കാരവാൻ ടൂറിസം പദ്ധതിയുടെ വീഡിയോ പുറത്തിറക്കുന്നതിന് മാത്രം 50 ലക്ഷം രൂപയാണ് ചെലവിട്ടത്. ഡിജിറ്റൽ പ്രമോഷന് 30 കോടിയും നോട്ടീസിന് വേണ്ടി 10 ലക്ഷം രൂപയും ചെലവാക്കി. തീയറ്ററുകളിലും വെബ്‌സൈറ്റിലുമുള്ള പരസ്യത്തിന് 1 കോടി ഏഴ് ലക്ഷം രൂപയാണ് ചെലവാക്കിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴാണ് അധികാരികളുടെ ധൂർത്ത്.















