പട്ന: കനത്ത ചൂടിനെ തുടർന്ന് ഉത്തരേന്ത്യയിൽ 50 പേർ മരിച്ചു. സംസ്ഥാനങ്ങളിൽ ഇനിയും ഉഷ്ണ തരംഗം ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊടും ചൂടിനെ തുടർന്ന് ബിഹാറിൽ മാത്രം19 പേരും ഒഡിഷയിൽ 10 പേരുമാണ് മരിച്ചത്. വിവിധയിടങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. രാജസ്ഥാനിലും ഹരിയാനയിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. തീപിടിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ബിഹാറിലെ സ്കൂളുകൾ ജൂൺ എട്ട് വരെ അടച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് നടപടി.
എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ജൂൺ എട്ട് വരെ അടച്ചിടുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂടാണുള്ളത്. മൂന്ന്, നാല് ദിവസം കൂടി കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രായമായവരും കുട്ടികളും നേരിട്ടുള്ള സൂര്യതാപം ഏൽക്കരുതെന്നും സർക്കാർ നിർദേശിച്ചു.















