തൃശൂർ : മഴയത്ത് കരകവിഞ്ഞൊഴുകിയ ഓടയിലേക്കു കാലുതെറ്റിവീണ 5 വയസ്സുകാരന് രക്ഷകനായി ഓട്ടോ ഡ്രൈവർ . ഇന്നലെ ഉച്ചയ്ക്കു 2 മണിയോടെ തൃശൂർ മനക്കൊടിയിലാണു സംഭവം. പൊന്മാണി രാജുവിന്റെയും റോജിയുടെയും മകൻ റയാൻ (5) ആണു കിഴക്കുപുറം റോഡിലെ ഓടയിൽ വീണത്.
എതിർദിശയിൽനിന്നു വാഹനം വരുന്നതുകണ്ട് ഓടയ്ക്കു മുകളിലുള്ള സ്ലാബിലേക്കു കയറിനിന്നതായിരുന്നു റയാനും അമ്മ റോജിയും. അമ്മയുടെ കയ്യിൽ ഇളയകുഞ്ഞുമുണ്ടായിരുന്നു. വാഹനം പോയി തിരികെ റോഡിലേക്കു നടക്കുമ്പോൾ കാലുതെറ്റി റയാൻ ഓടയുടെ സ്ലാബ് ഇല്ലാത്ത ഭാഗത്തേക്കു വീണു. ഒരു മീറ്ററിലേറെ ആഴമുള്ള ഓടയിൽ വീണ റയാൻ ഒഴുകി മറഞ്ഞു.
വഴിയിൽ നിൽക്കുകയായിരുന്ന പെട്ടി ഓട്ടോ ഡ്രൈവർ മേനോത്തുപറമ്പിൽ സുഭാഷ്, കുട്ടി മുങ്ങുന്നതു കണ്ട് ഓടിയെത്തി. സ്ലാബിനടിയിൽകൂടി 10 മീറ്ററോളം ഒഴുകി അപ്പുറത്തെത്തിയപ്പോഴാണ് കുട്ടിയെ സുഭാഷ് രക്ഷിച്ചത് . കനത്ത ഒഴുക്കിൽ കുട്ടി സ്ലാബിനടിയിലൂടെ മറുവശത്തെത്തുമെന്നു കണക്കുകൂട്ടി സുഭാഷ് ഓടയിൽ ചാടി കാത്തുനിന്നു. മുങ്ങി ഒഴുകിപ്പോകുകയായിരുന്ന കുട്ടി ദേഹത്തുതട്ടിയതും സുഭാഷ് പിടിച്ചുയർത്തി കരകയറ്റി. 300 മീറ്റർ അകലെ ആഴമുള്ള ചാലിലേക്കാണ് ഈ ഓടയിലെ വെള്ളം ഒഴുകിയെത്തുന്നത്. വെള്ളം കുടിച്ചതിന്റെ ബുദ്ധിമുട്ടുകളല്ലാതെ പരിക്കുകളൊന്നും ഇല്ലാത്തതിനാൽ കുട്ടിയെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.















