ചെന്നൈ: കന്യാകുമാരിയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രാജ്യ നന്മയ്‌ക്കായുള്ളതാണെന്ന് ബിജെപി നേതാവ് സി. ആർ കേശവൻ. വിവേകാനന്ദ സ്വാമി ധ്യാനമിരുന്ന പാറയിലാണ് പ്രധാനമന്ത്രി ധ്യാനമിരിക്കുന്നതെന്നും രാജ്യത്തിന്റെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ടുള്ള ധ്യാനമാണിതെന്നും സി ആർ കേശവൻ വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” കന്യാകുമാരിയിൽ വിവേകാനന്ദ സ്വാമി ധ്യാനമിരുന്ന പാറയിലാണ് പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. ഭാരതമാതാവിനെ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹം പ്രാർത്ഥിക്കുന്നു. സ്വാർത്ഥ ലാഭങ്ങളൾക്ക് വേണ്ടിയല്ല അദ്ദേഹം ധ്യാനമിരിക്കുന്നത്, മറിച്ച് രാജ്യത്തിന്റെ പുരോഗതിയ്‌ക്കും നന്മയ്‌ക്കുമായി പ്രാർത്ഥിക്കുകയാണ്. വിവേകാനന്ദ സ്വാമികളുടെ പാതയാണ് അദ്ദേഹം പിന്തുടരുന്നത്. ഇതിലൂടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് കൂടി അദ്ദേഹം പതിപ്പിച്ചിരിക്കുന്നു.”- സി ആർ കേശവൻ പറഞ്ഞു.
വിവേകാനന്ദപ്പാറ ദേശീയ ഐക്യത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകമായാണ് നിലക്കൊള്ളുന്നത്. ബ്രിട്ടീഷുകാരുടെ ഭരണം കൊണ്ട് വീർപ്പുമുട്ടിയിരുന്ന ഭാരതത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് വിവേകാനന്ദ സ്വാമി പരിഹാരം കണ്ടെത്തിയത് കന്യാകുമാരിയിലെ പ്രസിദ്ധമായ പാറയിൽ ധ്യാനമിരുന്നുകൊണ്ടാണാണ്. രാജ്യത്തെ സേവിക്കുന്ന പ്രധാനമന്ത്രി മൂന്നാം ഘട്ട സേവനത്തിനായുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്നും സി ആർ കേശവൻ കൂട്ടിച്ചേർത്തു.
വിവേകാനന്ദ സ്വാമികളുടെ അനുഗ്രഹത്താലും ജനങ്ങളുടെ സ്‌നേഹത്താലും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പ്രധാനമന്ത്രിക്ക് അനുകൂലമായിരിക്കും. വിമർശകരുടെ വായ അടപ്പിച്ച് രാജ്യത്തിന്റെ ഉന്നമനത്തിനായി മൂന്നാം മോദി സർക്കാർ വീണ്ടും കരുത്താർജിച്ച് കുതിച്ചുയരാൻ പോകുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.















