ശ്രീനഗർ: പുത്തൻ റെക്കോർഡ് സ്വന്തമാക്കാൻ കശ്മീർ. ഈ വർഷം ഇതുവരെ കശ്മീരിലെത്തിയത് 1.25 ദശലക്ഷം സഞ്ചാരികളെന്ന് റിപ്പോർട്ട്. പ്രാദേശിക ടൂറിസം വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്. ഇതോടെ മുൻ വർഷത്തെ റെക്കോർഡുകളെ സ്വപ്നഭൂമി മറികടക്കുമെന്നാണ് വിലയിരുത്തൽ.
ശ്രീനഗർ, ഗുൽമാർഗിലെ സ്കീ റിസോർട്ടും പഹൽഗാം, സോനാമാർഗ് എന്നീ ഹിൽ സ്റ്റേഷനുകളിലെ മിക്ക ഹോട്ടലുകളും ജൂൺ പകുതി വരെ ബുക്കിംഗ് പൂർത്തിയായി കഴിഞ്ഞു. ദാൽ തടാകത്തിലെയും നിഗീൻ തടാകത്തിലെയും ഗസ്റ്റ് ഹൗസുകൾ, ഹോംസ്റ്റേ, ഹൗസ്ബോട്ടുകൾ, എന്നിവയിലും ബുക്കിംഗ് പൂർത്തിയായി കഴിഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.
ജമ്മുവിലെ സമാധാന അന്തരീക്ഷവും മെച്ചപ്പെട്ട ക്രമസമാധാന നിലയുമാണ് സഞ്ചാരികളെ കശ്മീരിലേക്ക് ആകർഷിക്കുന്നത്. കശ്മീരിലെത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണത്തിലും വർദ്ധന ഉണ്ടായിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികളേറെ സമയം വിദേശികൾ ഇവിടെ ചെലവഴിക്കുന്നു. ഇതുവഴി വരുമാനവും വർദ്ധിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 3888 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമായ അമർനാഥ് ക്ഷേത്ര ദർശനത്തോടെയാണ് കശ്മീരിലെ ടൂറിസം മേഖല ഉണരുന്നത്. ഈ വർഷം കനത്ത ചൂടിൽ നിന്ന് രക്ഷ തേടി ആയിരങ്ങളാണ് കശ്മീരിലെത്തിയത്. നിലവിൽ ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നാണ് വിനോദസഞ്ചാരികൾ പ്രധാനമായും താഴ്‌വരയിലേക്ക് എത്തുന്നത്. ഹോർട്ടികൾച്ചർ കഴിഞ്ഞാൽ കശ്മീരിലെ രണ്ടാമത്തെ പ്രധാന വ്യവസായമാണ് ടൂറിസം.