ഉറുഗ്വയുടെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ എഡിസൺ കവാനിയും അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങി. കോപ്പ അമേരിക്ക പടിവാതിലിൽ എത്തിനിൽക്കെയാണ് 37-കാരൻ ദേശീയ കുപ്പായം അഴിച്ചത്. രാജ്യത്തിനായി ഏറ്റവും അധികം ഗോൾ നേടിയ താരങ്ങളിൽ രണ്ടാം പേരുകരനാണ് ഈ നീളൻ മുടിക്കാരൻ.
136 തവണ രാജ്യത്തിനായി ബുട്ടുക്കെട്ടിയ കവാനി 58 ഗോളുകളാണ് നേടിയത്. രാജ്യത്തിനായി ഏറ്റവും കൂടുതൽ തവണ കളത്തിലിറങ്ങിയവരുടെ ലിസ്റ്റിൽ മൂന്നാമതാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. 2010,14,18,22 ലോകകപ്പുകളിൽ പങ്കാളിയായ കവാനി ഉറുഗ്വായുടെ എണ്ണം പറഞ്ഞ സ്ട്രൈക്കർമാരിൽ ഒരാളായിരുന്നു. വർഷങ്ങളോളം ലൂയിസ് സുവാരസിനാെപ്പം ഉറുഗ്വായുടെ മുന്നേറ്റ നിരയെ ചലിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് കവാനി.
2010 ലോകകപ്പിൽ ഉറുഗ്വായിയെ സെമിയിലെത്തിക്കാനും കവാനിക്കും സംഘത്തിനും കഴിഞ്ഞു. 2011ലെ കോപ്പ വിജയത്തിൽ നിർണായക പ്രകടനമായിരുന്നു കവാനി നടത്തിയത്. വിരമിക്കൽ പ്രഖ്യാപത്തിൽ ദേശീയ കുപ്പായത്തിൽ അരങ്ങേറാൻ അവസരം നൽകിയവർക്ക് താരം നന്ദി അറിയിച്ചു.നപ്പോളി, പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർക്ക് വേണ്ടി കളിച്ച താരം നിലവിൽ അർജന്റീന വമ്പന്മാരായ ബൊക്ക ജൂനിയേഴ്സിന്റെ താരമാണ്. കഴിഞ്ഞ ദിവസം ബൊക്ക ജൂനിയേഴ്സിന് വേണ്ടി ഒരു കലക്കൻ ബൈസൈക്കിൾ ഗോളും നേടി പ്രായം തളർത്തിയിട്ടില്ലെന്ന് ഒരിക്കൽക്കൂടി അദ്ദേഹം തെളിയിച്ചു.















