മിനിയപൊളിസ്: യു.എസ് നഗരമായ മിനിയപൊളിസിൽ ഉണ്ടായ വെടിവയ്പ്പിൽ പോലീസ് ഓഫിസറും അക്രമിയും ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു.
വ്യാഴാഴ്‌ച്ച വൈകുന്നേരം 5 .30 ഓടെ യാണ് വെടിവയ്പ്പ് ഉണ്ടായത്. ജമാൽ മിച്ചൽ എന്ന 28 കാരനായ പൊലീസ് ഓഫീസറും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അക്രമിയെ പൊലീസ് പിന്നീട് വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ആക്രമണത്തിൽ മറ്റൊരു പൊലീസ് ഓഫീസർക്കും അഗ്നിശമനസേനാംഗത്തിനും ഒരു സാധാരണക്കാരനും പരിക്കേറ്റിട്ടുണ്ട്. മിനിയപൊളിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടും മിനിയപൊളിസ് കോളേജ് ഓഫ് ആർട് ആൻഡ് ഡിസൈനും സ്‌ഥിതി ചെയ്യുന്നതിന്റെ സമീപത്തായാണ് വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തിൽ മിനിയപൊളിസ് മേയർ ജേക്കബ് ഫ്രേ അനുശോചനമറിയിച്ചു.
അതേസമയം ആക്രമണത്തിനു പിന്നിലെ കാരണം അവ്യക്തമാണെന്ന് അധികൃതർ അറിയിച്ചു.