നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ പേര് ഉയർന്നു വന്നപ്പോൾ തന്നെ സിനിമാരംഗത്ത് നിന്നും താരത്തിന് പിന്തുണയുമായി എത്തിയ സഹപ്രവർത്തകരിൽ ഒരാളായിരുന്നു റിയാസ് ഖാൻ. ഇരുവരും നല്ല സുഹൃത്തുക്കളാണ്. ദീർഘനാളത്തെ സൗഹൃദം ഉള്ളതുകൊണ്ട് തന്നെയാണ് ദിലീപ് ചിത്രങ്ങളിൽ ചെറിയ വേഷമാണെങ്കിൽ പോലും റിയാസ് ഖാൻ ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഒരു പങ്കുമില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായി പലപ്പോഴും താരം പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ദിലീപ് വിഷയത്തിൽ നിലപാട് വീണ്ടും വ്യക്തമാക്കുകയാണ് റിയാസ് ഖാൻ.
“ദിലീപിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ഒരിക്കലും ദിലീപിനെ വിട്ടുകൊടുക്കില്ല. കോടതിയൊക്കെ ഉണ്ടല്ലോ, കേസ് തെളിയിക്കട്ടെ. ദിലീപ് എന്റെ സുഹൃത്താണ്, ഇനിയും അങ്ങനെ തന്നെയായിരിക്കും. അതിൽ മാറ്റം ഉണ്ടാവില്ല.”
ജയിലിൽ നിന്നും വന്നു കഴിഞ്ഞ് ദിലീപിന്റെ ഫസ്റ്റ് ഷൂട്ടിംഗ് ഗോകുലം പാർക്ക്, ചെന്നൈ സ്റ്റുഡിയോസിൽ ആയിരുന്നു. അപ്പോഴും ഞാൻ കൂടെയുണ്ടായിരുന്നു, അദ്ദേഹത്തെ കാണാൻ പോയി. കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. ഞങ്ങൾ തമ്മിലുള്ളത് സിനിമയ്‌ക്ക് അപ്പുറമുള്ള സൗഹൃദമാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വരെ ഫോണിൽ സംസാരിച്ചിരുന്നു. എല്ലാ കാര്യങ്ങളും തമ്മിൽ തമ്മിൽ അന്വേഷിക്കും”- ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ റിയാസ് ഖാൻ പറഞ്ഞു.















