ന്യൂഡൽഹി: 2023-2024 വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് 8.2 ശതമാനമായി ഉയർന്നതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ ജിഡിപിയിലുണ്ടായ വളർച്ച കേവലം ഒരു ട്രെയിലർ മാത്രമാണെന്നും വരും വർഷങ്ങളിൽ ഭാരതത്തിലുണ്ടാവുന്ന മാറ്റങ്ങളുടെ തുടക്കമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്ക് 7.8% ശതമാനമാണ്.
” 2023-2024 വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് ഉയർന്നിരിക്കുന്നു. ഇത് ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാണ്. നമ്മുടെ രാജ്യത്തെ കഠിനാധ്വാനികളായ ജനങ്ങൾക്ക് നന്ദി. 2023-2024 വർഷത്തെ 8.2% വളർച്ച ആഗോളതലത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്നുവെന്നതിന്റെ സൂചനയാണ്.”- പ്രധാനമന്ത്രി കുറിച്ചു.
എൻഎസ്ഒ പുറത്തുവിട്ട കണക്കുകൾ കേവലം ഒരു ട്രെയിലർ മാത്രമാണെന്നും ഭാരതത്തിന്റെ ജിഡിപി ഇനിയും കുതിച്ചുയരുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. ആഗോളതലത്തിലുള്ള വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുന്നതിന്റെ സന്തോഷം പ്രകടിച്ച് ധനമന്ത്രി നിർമലാ സീതാരാമനും എക്‌സിൽ കുറിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 7% ആയിരുന്നു ജിഡിപി വളർച്ചാ നിരക്ക്.















