മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളവും താജ് ഹോട്ടലും ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. അരവിന്ദ് രാജ്പുത് എന്നയാളാണ് പിടിയിലായതെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം വന്നത്. മുംബൈ നഗരത്തിലെ പ്രമുഖ ഹോട്ടലായ താജിലും ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്. തുടർന്ന് ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല. പിടിയിലായ അരവിന്ദിന്റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇതിലെ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ദാദറിലെ മക്‌ഡൊണാൾഡ്‌സിൽ സ്‌ഫോടനം നടക്കുമെന്ന് മുംബൈ പൊലീസിന് സന്ദേശം ലഭിച്ചതിന് ഏതാനും ദിവസത്തിനുള്ളിലാണ് അടുത്ത ബോംബ് ഭീഷണി എത്തിയത്. സംഭവം ഗുരുതരമായി കണ്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.