ഇന്ത്യ ബോക്‌സർ നിഷാന്ത് ദേവ് പാരീസ് ഒളിമ്പിക്‌സിന്. കായിക മാമാങ്കത്തിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്‌സറാണ് താരം. ലോക ബോക്‌സിംഗ് യോഗ്യതാ മത്സരത്തിലെ 71 കിലോ ഗ്രാം വിഭാഗത്തിൽ മോൾഡോവയുടെ വാസിൽ സെബോട്ടറിയെ തോൽപ്പിച്ചതോടെയാണ്(5-0) ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പിച്ചത്. നേരത്തെ മൂന്ന് വനിതാ താരങ്ങൾ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു.
വനിതാ ബോക്സർമാരായ നിഖാത് സരീൻ (50 കിലോ), പ്രീത് പവാർ (54 കിലോ), ലോവ്‌ലിന ബോർഗോഹെയ്ൻ (75 കിലോ) എന്നിവരാണ് യോഗ്യത നേടിയ വനിതാ താരങ്ങൾ. നിഖാത് സരീൻ കോമൺവെൽത്ത് ഗെയിംസ്- ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ ജേതാവാണ്. ടോക്കിയോ ഒളിമ്പിക്‌സിലെ മെഡൽനേട്ടം നിലനിർത്താനാണ് ലോവ്‌ലിന ബോർഗോഹെയ്ൻ പാരീസിലേക്കെത്തുന്നത്.















