മലയാളത്തിലെ മാസ്- ആക്ഷൻ സിനിമകൾക്ക് മറ്റൊരു മുഖം നൽകിയ സംവിധായകനാണ് വൈശാഖ്. മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് അവരുടെ ഈ പ്രായത്തിലും ഗംഭീര ആക്ഷൻ സിനിമകൾ ചെയ്യാൻ വൈശാഖിന് സാധിച്ചു. പുലിമുരുകനും ടർബോയും മധുര രാജയുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ടർബോ നിലയ്ക്കാത്ത കൈയ്യടികളുടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ടർബോയുടെ വിജയത്തിന് പിന്നാലെ, മോഹൻലാലിനെ വെച്ചുള്ള തന്റെ ഡ്രീം പ്രൊജക്ടിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.
“മോൺസ്റ്റർ ഒരു കോവിഡ് കാല സിനിമയായിരുന്നു. സാധാരണ സിനിമ ചെയ്യുന്ന ഒരു രീതിയിലെ അല്ല ആ ചിത്രം ചെയ്തത്. ആ സമയത്ത് എല്ലാവർക്കും സാമ്പത്തിക പ്രശ്നമായിരുന്നു, ഭയമായിരുന്നു. അങ്ങനെ ചെയ്ത പടങ്ങളാണ് നൈറ്റ് ഡ്രൈവും മോൺസ്റ്ററും. അന്നത്തെ സാഹചര്യത്തിൽ പറ്റുന്ന സിനിമ പോലെ എന്ന രീതിയിലാണ് ഈ രണ്ടു സിനിമകളും ചെയ്തത്. സാധാരണ ചെയ്യുന്ന പോലെ ഒരു വലിയ പ്ലാനിങ്ങോടെ ചെയ്ത സിനിമയൊന്നും ആയിരുന്നില്ല അവ രണ്ടും. കോവിഡ് കാലഘട്ടത്തിൽ എല്ലാവർക്കും ഒരു സഹായം എന്ന രീതിയിൽ ചെയ്ത ചിത്രങ്ങൾ ആയിരുന്നു. ഒടിടിക്ക് ചെയ്ത സിനിമകളായിരുന്നു. പക്ഷേ, എന്റെ നിർഭാഗ്യത്തിന് തിയേറ്ററുകൾ എല്ലാം ഓപ്പൺ ആയി, ആകെ ടെൻഷനായി പോയി”.
“ലാലേട്ടന് വേണ്ടി ശരിക്കും ചെയ്യാനിരുന്ന സിനിമ ഒരു വൻ സിനിമയാണ്. അത് ചെയ്യും, ഒരു വൻ പരിപാടി തന്നെ ആയിരിക്കും. മോൺസ്റ്ററിന്റെ ക്ഷീണമൊക്കെ അന്നേരം ഞാൻ മാറ്റും. വൻ പരിപാടി തന്നെ അടിക്കും. ലാലേട്ടന് ആക്ഷൻ ഭയങ്കര ഇഷ്ടമാണ്, എനിക്കും ആക്ഷൻ ഇഷ്ടമാണ്. എന്നെക്കാളും വലിയ ഭ്രാന്തനാണ് ആക്ഷനിൽ ലാലേട്ടൻ. അതുകൊണ്ട് ഞങ്ങൾ തമ്മിൽ സിനിമ ചെയ്യുമ്പോൾ അത് നല്ല രസമായിരിക്കും. പുലിമുരുകനിൽ ഒരു പരിധി ഉണ്ടായിരുന്നു, പക്ഷേ അടുത്ത പടത്തിൽ ലാലേട്ടൻ വൻ ആക്ഷൻ ആയിരിക്കും. പുലിമുരുകൻ ഒരു തുടക്കം മാത്രമായിരുന്നു, ശരിക്കുമുള്ളത് വരാൻ പോകുന്നതാണ്” -വൈശാഖ് പറഞ്ഞു.