പാലക്കാട്: കുടിശ്ശിക അടയ്‌ക്കാത്തത് മൂലം പാലക്കാട് ഡി ഇ ഒ ഓഫീസിലെ വിച്ഛേദിച്ച വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചു. 10 ദിവസത്തിനകം കുടിശ്ശിക തുക അടക്കാമെന്ന ഉറപ്പിലാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകിയ അപേക്ഷ പരിഗണിച്ച കെഎസ്ഇബി, വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു. 24,016 രൂപ കുടിശ്ശിക വരുത്തിയതിനാൽ ബുധനാഴ്ചയാണ് ഓഫീസിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചത്.
പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ തിരക്കേറിയ സമയത്ത് ഡി ഇ ഒ ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ച നടപടിയിൽ അദ്ധ്യാപകരും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 24,016 രൂപ ഡി ഇ ഒ ഓഫീസിന് കുടിശ്ശികയായിട്ടുണ്ടെന്നും അതിനാൽ വൈദ്യുതി വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സുൽത്താൻപേട്ട സെക്ഷൻ കെ.എസ്.ഇബി ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
കുടിശ്ശിക ഉടനടി അടയ്‌ക്കുമെന്നും ഫണ്ട് ലഭിക്കുന്നതിനായി വിവരം വ്യദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് ഡി ഇ ഒ ഓഫീസിലെ ഉദ്യോഗസ്ഥരും അറിയിച്ചു. ജൂൺ പത്തിനകം കുടിശ്ശിക തീർത്തില്ലെങ്കിൽ വീണ്ടും വൈദ്യുതി വിച്ഛേദിക്കുെമന്ന നിലപാടിലാണ് കെഎസ്ഇബി. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശിക അടയ്‌ക്കാത്തതിന്റെ പേരിൽ ഡി ഇ ഒ ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു.