മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടർബോയ്‌ക്ക് തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ചില കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൽ ഏറ്റവും അധികം എടുടുത്ത് പറയേണ്ടത് അമ്മയായി അഭിനയിച്ച ബിന്ദു പണിക്കരുടെ പ്രകടനമായിരുന്നു. സാങ്കേതികവിദ്യകളെല്ലാം നന്നായി ഉപയോഗിക്കുന്ന അമ്മയായിരുന്നു ബിന്ദു പണിക്കർ.
സിനിമയിൽ അമ്മ വേഷം ആദ്യം ചെയ്യാനിരുന്നത് മല്ലിക സുകുനാരനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വൈശാഖ്. ആദ്യം സമീപിച്ചത് മല്ലിക സുകുമാരനെയാണെന്നും ആരോഗ്യ പ്രശ്നങ്ങൾ കാരണം അവസാന നിമിഷമാണ് അവർ സിനിമയിൽ നിന്നും പിന്മാറിയതെന്നുമാണ് വൈശാഖ് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു പ്രതികരണം.
‘ടർബോ സിനിമയിൽ ആദ്യം അമ്മയുടെ വേഷം ചെയ്യാൻ തീരുമാനിച്ചത് മല്ലിക സുകുമാരനെ ആയിരുന്നു. അവസാന നിമിഷമാണ് മല്ലിക സുകുമാരൻ പിന്മാറിയത്. സംസാരിച്ച് എല്ലാം ശരിയാക്കി വച്ചതായിരുന്നു. അവസാന നിമിഷം ചില ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് മല്ലിക ചേച്ചിക്ക് വരാൻ സാധിക്കാത്തത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പായിരുന്നു മല്ലിക സുകുമാരന് വയ്യാതായത്.
പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളെല്ലാവരും ടെൻഷനിലായി.മമ്മൂക്ക അന്ന് ദുബായിലുമായിരുന്നു. ഞാൻ മമ്മൂക്കയെ വിളിച്ച് കാര്യം പറഞ്ഞപ്പോഴായിരുന്നു ബിന്ദു പണിക്കരെ ഒന്നു വിളിച്ചു നോക്കാമെന്ന് പറഞ്ഞു. അവർ, അമ്മ വേഷം ചെയ്താൽ നന്നായിരിക്കുമെന്നും പറഞ്ഞു. അങ്ങനെയാണ് പെട്ടെന്ന് ബന്ദുവിനെ വിളിച്ച് ഡേറ്റ് ചോദിച്ചത്. ഞങ്ങളുടെ ഭാഗ്യത്തിന് എല്ലാം ശരിയാവുകയും ചെയ്തു.’- വൈശാഖ് പറഞ്ഞു.