ലക്നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എൻഡിഎ സഖ്യത്തിന് ഉജ്ജ്വല വിജയമെന്ന് എക്‌സിറ്റ് പോൾ ഫലം. 69 മുതൽ 74 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നാണ് റിപ്പബ്ലിക് ടിവിയും പിഎംഎആർക്യു – മട്രൈസുമായി ചേർന്ന് നടത്തിയ എക്‌സിറ്റ് പോളിൽ വ്യക്തമാകുന്നത്. ഇൻഡി സഖ്യം പരമാവധി 11 സീറ്റുകളിൽ ഒതുങ്ങും.
2019-ൽ എൻഡിഎ സഖ്യം ഉത്തർപ്രദേശിൽ 64 സീറ്റുകളാണ് നേടിയത്. ബിഎസ്പി, എസ്പി, ആർഎൽഡി എന്നിവ ഉൾപ്പെടുന്ന മഹാഗഡ്ബന്ധൻ സഖ്യം 15 സീറ്റുകളായിരുന്നു നേടിയത്. യുപിഎയ്‌ക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുളള യുപിയിലെ ഫലം ഡൽഹിയിലേക്കുളള അധികാരവഴിയാണെന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ യുപിയിലെ ജനവിധിയെക്കുറിച്ചുളള എക്‌സിറ്റ് പോൾ ഫലങ്ങൾ ഏറെ നിർണായകമാണ്. പുറത്ത് വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ മുഴുവൻ നരേന്ദ്രമോദി സർക്കാരിന്റെ മൂന്നാം ഊഴം ഉറപ്പിക്കുന്നതാണ്.
353-368 സീറ്റുകൾ വരെ എൻഡിഎ നേടും. ഇൻഡി മുന്നണി 118-133 സീറ്റുകളിൽ ഒതുങ്ങുമെന്നും മറ്റുള്ളവയ്‌ക്ക് 43-48 സീറ്റുകൾ വരെ ലഭിക്കാമെന്നുമാണ് വിവിധ എക്സിറ്റ് പോളുകളുടെ പ്രവചനം.















