തിരുവനന്തപുരം: അനന്തപുരിയിൽ ഇക്കുറി താമര വിരിയാൻ സാദ്ധ്യതയേറെയെന്ന് എക്‌സിറ്റ് പോൾ ഫലം. എൻഡിഎ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിംഗ് എംപി ശശി തരൂരുമായി കടുത്ത മത്സരമാണ് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ കാഴ്ചവെച്ചത്. ഈ മത്സരം ജനവിധിയിലും പ്രതിഫലിക്കുമെന്ന് തെളിയിക്കുന്നതാണ് എക്‌സിറ്റ് പോൾ ഫലം
ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലങ്ങളിലാണ് തിരുവനന്തപുരത്ത് ശശി തരൂരിന്റെ സാദ്ധ്യതയ്‌ക്ക് ഇക്കുറി മങ്ങലേൽക്കുമെന്ന് വ്യക്തമാക്കുന്നത്. തരൂർ വിജയിക്കുകയാണെങ്കിലും നേരിയ വിജയം മാത്രമായിരിക്കുമെന്നാണ് എക്‌സിറ്റ് പോളിൽ വ്യക്തമാകുന്നത്. കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റുകൾ വരെ നേടാൻ സാദ്ധ്യതയുണ്ടെന്നും പ്രവചനം പറയുന്നു.
2009 മുതൽ തുടർച്ചയായി മൂന്ന് തവണ തിരുവനന്തപുരം മണ്ഡലത്തെ പാർലമെന്റിൽ പ്രതിനിധീകരിച്ച ശശി തരൂർ മണ്ഡലത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്തില്ലെന്ന വികാരം ഇക്കുറി ശക്തമായിരുന്നു. എതിരാളിയായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെക്കൂടി ബിജെപി രംഗത്തിറക്കിയതോടെ മത്സരം മുറുകി. പന്ന്യൻ രവീന്ദ്രനാണ് എൽഡിഎഫിന് വേണ്ടി മത്സരിച്ചത്. പ്രചാരണ സമയത്ത് ഉൾപ്പെടെ രാജീവ് ചന്ദ്രശേഖറിന് വലിയ പിന്തുണയാണ് ലഭിച്ചത്. തീരദേശ മേഖലയിലുൾപ്പെടെ സിറ്റിംഗ് എംപിക്കെതിരായ ജനവികാരം പ്രകടമായിരുന്നു.
2014 ൽ 297806 വോട്ടുകളും 2019 ൽ 416131 വോട്ടുകളും നേടിയായിരുന്നു ശശി തരൂർ വിജയിച്ചത്. 2009 ൽ ആദ്യ തവണ വിജയിച്ചപ്പോൾ 326725 വോട്ടുകളും നേടി.