ന്യൂഡൽഹി: അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചലിൽ 60 അംഗ നിയമസഭയിലേക്കും, സിക്കിമിൽ 32 അംഗ നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ആണ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനൊപ്പമാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് നടന്നത്.
അരുണാചൽ പ്രദേശിൽ ഭരണകക്ഷിയായ ബിജെപി 10 സീറ്റുകളിൽ എതിരില്ലാതെ വിജയിച്ചതിനാൽ ബാക്കി 50 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ആണ് നടക്കുന്നത്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ ഉൾപ്പെടെയുള്ളവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2019ൽ 41 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. കോൺഗ്രസ് നാല് സീറ്റുകളിലും, ജെഡിയു ഏഴ് സീറ്റുകളിലും എൻപിപി അഞ്ച് സീറ്റുകളിലുമാണ് അന്ന് വിജയം നേടിയത്. എക്‌സിറ്റ് പോളുകളിലടക്കം അരുണാചലിൽ ബിജെപിക്കും ഇക്കുറിയും തുടർഭരണമാണ് ഉറപ്പ് പറയുന്നത്.
സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന മത്സരം. മുഖ്യമന്ത്രി പ്രേം സിങ് തമാങ്, മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാലിങ്, മുൻ ഫുട്‌ബോൾ താരം ബൈചൂങ് ബൂട്ടിയ തുടങ്ങിയവരാണ് സംസ്ഥാനത്ത് നിന്നും ജനവിധി തേടുന്ന പ്രമുഖർ. 2019ൽ 17 സീറ്റുകളുമായി സിക്കിം ക്രാന്തികാരി മോർച്ച അധികാരം പിടിക്കുകയായിരുന്നു. എതിർകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് 15 സീറ്റുകളാണ് ലഭിച്ചത്.