ന്യൂഡൽഹി: 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് മുതിർന്ന നയതന്ത്രജ്ഞയും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമായ രുചിര കാംബോജ്. യുഎന്നിലെ ഇന്ത്യൻ അംബാസഡർ എന്ന സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതാ നയതന്ത്രജ്ഞയാണ് രുചിര കാംബോജ്. 1987ലാണ് രുചിര കാംബോജ് ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരുന്നത്.
ഭാരതത്തിന് നന്ദിയുണ്ടെന്നും, മറക്കാനാകാത്ത അനുഭവങ്ങൾക്കും വർഷങ്ങൾക്കും നന്ദിയെന്നും സർവീസിൽ നിന്ന് വിരമിച്ചതിന് പിന്നാലെ രുചിര കാംബോജ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 1987ലെ ഫോറിൻ സർവീസ് ബാച്ച് ടോപ്പറായിരുന്ന രുചിര, 2022 ഓഗസ്റ്റ് രണ്ടിനാണ് യുഎന്നിന്റെ സ്ഥിരം അംബാസഡർ സ്ഥാനം ഏറ്റെടുക്കുന്നത്. 1989 മുതൽ 1991 വരെ ഫ്രാൻസിലെ ഇന്ത്യൻ എംബസിയിൽ തേർഡ് സെക്രട്ടറിയായിട്ടാണ് രുചിര കാംബോജ് തന്റെ ഔദ്യോഗിക യാത്ര ആരംഭിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ നിർണായക ചുമതലകൾക്ക് ശേഷം 2002-2005 വർഷത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിൽ കൗൺസിലറായി രുചിര ആദ്യമായി ചുമതലയേൽക്കുന്നത്. ഈ വർഷങ്ങളിൽ യുഎൻ സമാധാനദൗത്യം, മിഡിൽ ഈസ്റ്റ് ക്രൈസിസ്, യുഎൻ സുരക്ഷാ കൗൺസിൽ തുടങ്ങിയ വിവിധ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. ലണ്ടനിലെ കോമൺവെൽത്ത് സെക്രട്ടേറിയറ്റിലെ സെക്രട്ടറി ജനറലിന്റെ ഓഫീസിന്റെ ഡെപ്യൂട്ടി ഹെഡ്, 2011-2014 വരെ ഇന്ത്യയുടെ ചീഫ് ഓഫ് പ്രോട്ടോക്കോൾ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഈ സ്ഥാനം വഹിച്ച ഏക വനിത കൂടിയാണ് രുചിര കാംബോജ്.