ദിസ്പൂർ: അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. സംസ്ഥാനത്തെ പത്തോളം ജില്ലകളിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. വിവിധ ജില്ലകളിൽ ആരംഭിച്ച 187 ദുരിതാശ്വാസ ക്യാമ്പുകളിലായി 41,564 പേരെയാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്.
കച്ചാർ, ഹൈലകണ്ടി, കരിംഗഞ്ച് ജില്ലകളിലാണ് ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. കോപിലി, ബരാക്, കുഷിയറ എന്നീ നദികൾ കരകവിഞ്ഞ് ഒഴുകി. ജില്ലകളിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്.
അപകട മേഖലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് മാറി താമസിക്കണമെന്ന് അധികൃതർ നിർദേശം നൽകി. റിമാൽ ചുഴലിക്കാറ്റിനെ തുടർന്നാണ് സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്തത്. മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലെയും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
നിലവിലെ മോശം കാലാവസ്ഥയെ തുടർന്ന് കാച്ചാർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ വെള്ളക്കെട്ട് കണക്കിലെടുത്ത് പത്ത് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.