ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഇടക്കാല ജാമ്യ കാലാവധി തീർന്നതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക് മടങ്ങും. ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയ്‌ക്ക് കെജ്‌രിവാൾ ഡൽഹിയിലെ വസതിയിൽ നിന്നും പുറപ്പെടുമെന്നാണ് വിവരം. ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡൽഹി കോടതി ഈ മാസം അഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതീക്ഷ കൈവിട്ടുകൊണ്ട് കെജ്‌രിവാൾ ജയിലിലേക്ക് മടങ്ങുന്നത്.
ഡൽഹി മദ്യനയ കേസിൽ മെയ് 21 മുതൽ കെജ്‌രിവാൾ ഇടക്കാല ജാമ്യത്തിലാണ്. എന്നാൽ മുഖ്യമന്ത്രി തിരികെ ജയിലിൽ പോകേണ്ടി വരുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാർട്ടി പ്രവർത്തകർ. അദ്ദേഹം തിരികെ തന്നെ വരുമെന്നും നമ്മുടെ മുഖ്യമന്ത്രി കെജ്‌രിവാൾ തന്നെയെന്നും മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.
കെജ്‌രിവാൾ ജയിലിലായിരുന്നപ്പോൾ തെരഞ്ഞെടുപ്പ് യോഗങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ ചർച്ചകളും ഏകോപിച്ചിരുന്നത് ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥകാണ്. കെജരിവാളിന്റെ അഭാവത്തിൽ മുഖ്യമന്ത്രിയുടെ ജോലികൾ കൃത്യമായി ചെയ്തുവെന്നും ഇനിയും അദ്ദേഹം കൈകാര്യം ചെയ്യുമെന്നും ആംആദ്മി നേതാക്കൾ പറഞ്ഞു. സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിന്റെ ചുമതല ഡൽഹി മന്ത്രിമാരായ അദിഷിയും സൗരഭ് ഭരദ്വാജിനും നൽകിയിട്ടുണ്ട്. വകുപ്പുകൾ മറ്റ് മന്ത്രിമാർ നിയന്ത്രിക്കുമെന്നും എഎപി അറിയിച്ചു.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തുടർന്ന് വാദം കേട്ട റോസ് അവന്യൂ കോടതി വിധി പറയുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ചത്തേക്ക് ജാമ്യം വേണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത ഇഡി, തിഹാറിൽ കഴിയവേ ആരോഗ്യം മോശമായാൽ എയിംസിൽ പരിശോധന നടത്താമെന്ന് കോടതിയെ അറിയിച്ചു.















