ഇറ്റാനഗർ: അരുണാചലിൽ വീണ്ടും അധികാരം ഉറപ്പിച്ച് ബിജെപി. വോട്ടണ്ണല്ലെിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ കേവല ഭൂരിപക്ഷമായ 39 കടന്നിരുന്നു. 12 സീറ്റുകളിലാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. 29 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. ബിജെപിയുടെ സഖ്യകക്ഷി നാഷണൽ പിപ്പീൾസ് പാർട്ടി എട്ട് ലീഡ് ചെയ്യുന്നു. ഒരേയൊരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.
60 അംഗ നിയമസഭയാണ് അരുണാചലിന്റേത്. ഭരണകക്ഷിയായ ബിജെപി 10 സീറ്റുകളിൽ എതിരില്ലാതെ വിജയിച്ചതിനാൽ ബാക്കി 50 സീറ്റുകളിലേക്കാണ വോട്ടെണ്ണൽ നടക്കുന്നത്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ ഉൾപ്പെടെയുള്ളവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ 41 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. കോൺഗ്രസ് നാല് സീറ്റുകളിലും, ജെഡിയു ഏഴ് സീറ്റുകളിലും എൻപിപി അഞ്ച് സീറ്റുകളിലുമാണ് അന്ന് നേടിയത്. എക്സിറ്റ് പോളുകളും അരുണാചലിൽ ബിജെപിക്ക് ഇത്തവണയും തുടർഭരണമാണ് പ്രവചിച്ചത്.
സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ച (SKM) ഭരണമുറപ്പിച്ചു. 24 സീറ്റിലാണ് ലീഡ്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. 32 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി പ്രേം സിങ് തമാങ്, മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാലിംഗ് തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖർ. 2019-ൽ 17 സീറ്റുകളിലാണ് സിക്കിം ക്രാന്തികാരി മോർച്ച ജയിച്ചത്. ഇതോടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. എതിർകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് 15 സീറ്റുകളാണ് അന്ന് ലഭിച്ചത്.