ന്യൂഡൽഹി: വീണ്ടും വിമാനത്തിനുള്ളിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വാരാണസി-ഡൽഹി ഇൻഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. വാരാണസിയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ് വച്ചതായി സന്ദേശമെത്തിയത്.
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിമാനത്തിനുള്ളിൽ പരിശോധന നടത്തി. തുടർന്ന് വിശദമായ പരിശോധനകൾക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയി. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ബോംബ് ഭീഷണികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഡൽഹി-ശ്രീനഗർ വിസ്താര വിമാനത്തിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് മുമ്പ് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിനും സമാനമായ ബോംബ് ഭീഷണി ലഭിക്കുകയുണ്ടായി. പിന്നീട് വിമാനത്തിന്റെ ശൗചാലയത്തിൽ നിന്ന് ബോംബ് എന്നെഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.















