തിരുവനന്തപുരം: എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തിവെട്ടുന്ന വിജയമായിരിക്കും ബിജെപി നേടുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ മൂന്ന് സീറ്റുകളിൽ വരെ ബിജെപിക്ക് സാദ്ധ്യതയുണ്ടെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെയാണ് ഒരു സ്വകാര്യമാദ്ധ്യമത്തിനോട് കെ സുരേന്ദ്രന്റെ പ്രതികരണം.
സംസ്ഥാനത്ത് അഞ്ചോ ആറോ സീറ്റിൽ ബിജെപി വിജയിക്കും. എൽഡിഎഫിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ ഗുണം ബിജെപിയ്‌ക്ക് ലഭിക്കും. കൂടുതൽ സീറ്റുകൾ എൻഡിഎയ്‌ക്ക് ലഭിക്കുമെന്നതിൽ സംശയമില്ല. ഞങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്‌ട്രീയത്തിൽ വലിയ പരിവർത്തനത്തിന് കാരണമാകും.
എൽഡിഎഫിന് എതിരായി ഉയർന്നുവന്ന ഭരണവിരുദ്ധ വികാരം പൂർണമായും പ്രകടിപ്പിച്ചിട്ടുള്ളത് ബിജെപി മാത്രമാണ്. കോൺഗ്രസിന് കഴിഞ്ഞ വർഷത്തേക്കാൾ വോട്ട് ശതമാനം കുറയും. 6, 7 ശതമാനം വരെ വോട്ടുകളുടെ കുറവ് കേരളത്തിലുണ്ടാകും. എൽഡിഎഫിന് വലിയ തോതിൽ വോട്ട് ശതമാനം കുറവാണ്ടുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റ് വരെ നേടുമെന്നാണ് എക്സിറ്റ് പോൾ സർവേ പറയുന്നത്. തിരുവനന്തപുരത്ത് ഇത്തവണ രാജീവ് ചന്ദ്രശേഖർ വിജയിക്കാൻ സാധ്യതയുണ്ടെന്ന് എക്സിറ്റ് പോൾ പറയുന്നു. ആറ്റിങ്ങൽ, തൃശൂർ ലോക്സഭ മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിക്കാനാണ് സാധ്യതയെന്നും സർവ്വേകളിൽ പറയുന്നുണ്ട്.