സിയോൾ: ദക്ഷിണ കൊറിയയിലേക്ക് വീണ്ടും മാലിന്യ ബലൂണുകൾ അയച്ച് ഉത്തരകൊറിയ. ശനിയാഴ്ച രാത്രിക്കും ഞായറാഴ്ത രാവിലെയ്‌ക്കും ഇടയിൽ 700ലധികം ബലൂണുകളാണ് വന്ന് പതിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈനിക മേധാവി അറിയിച്ചു. ഉത്തരകൊറിയ അതിരുവിട്ട പ്രകോപനങ്ങൾ തുടരുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.
സിഗരറ്റ് കുറ്റികൾ, തുണിക്കഷ്ണങ്ങൾ, വേസ്റ്റ് പേപ്പർ എന്നിവയാണ് ഇത്തവണത്തെ മാലിന്യ ബലൂണുകളിൽ ഉണ്ടായിരുന്നത്. അപകടകരമായ വസ്തുക്കൾ ഇതുവരെ കണ്ടെടുത്തിട്ടില്ല. എന്നിരുന്നാലും ബലൂണുകളിൽ ഘടിപ്പിച്ചിരിക്കുന്ന മാലിന്യ കവറുകളിൽ ആരും സ്പർശിക്കരുതെന്ന് നിർദേശമുണ്ട്. ദക്ഷിണ കൊറിയയിലേക്ക് രണ്ട് തവണയായി മാലിന്യ ബലൂണുകൾ പറത്തിവിട്ടെങ്കിലും ഇതുവരെ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞയാഴ്ചയായിരുന്നു ദക്ഷിണ കൊറിയയിലേക്ക് ആദ്യം മാലിന്യ ബലൂണുകൾ എത്തിയത്. ടോയ്ലെറ്റ് പേപ്പറുകളും മൃഗങ്ങളുടെ വിസർജ്യവുമടക്കമുള്ള മാലിന്യങ്ങളാണ് കവറുകളിലാക്കി ബലൂണിൽ ഘടിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച രാവിലെയ്‌ക്കുമിടയിൽ 260 മാലിന്യ ബലൂണുകൾ ഉത്തരകൊറിയയിൽ നിന്നെത്തി.
കെമിക്കൽ റാപ്പിഡ് റെസ്പോൺസ് ടീം, എക്സ്പ്ലോസീവ് ക്ലിയറൻസ് ടീം എന്നിവരെ വിന്യസിച്ചാണ് മാലിന്യങ്ങൾ എടുത്തുമാറ്റിയത്. ചവറുകൾക്കിടയിൽ അപകടകരമായ വസ്തുക്കളുണ്ടോയെന്ന് കണ്ടെത്താനാണ് സംഘങ്ങളെ വിന്യസിച്ചത്. ആദ്യ ഘട്ടത്തിൽ എത്തിയ ബലൂണുകളിൽ ചിലതിന് ടൈമർ സംവിധാനമടക്കം ഉണ്ടായിരുന്നു. നിശ്ചിത സമയം കഴിഞ്ഞാൽ ബലൂൺ പൊട്ടുന്നതിന് വേണ്ടിയായിരുന്നു ഇത്.















