ന്യൂഡൽഹി: രാജ്യത്ത് ചൂടിന് ശമനമാകുന്നു. വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറ്, മധ്യ, കിഴക്കൻ ഇന്ത്യകളിലെ ഉഷ്ണതരംഗാവസ്ഥ അടുത്ത മൂന്ന് ദിവസങ്ങളിൽ കുറഞ്ഞ തീവ്രതയോടെ തുടരാൻ സാധ്യതയുണ്ട്.
ഉത്തർ പ്രദേശിലെ ഫത്തേപൂരിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 46.2 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഹരിയാനയിലെ സിർസ, രാജസ്ഥാനിലെ ഗംഗാനഗറിലും 45.4 ഡിഗ്രി സെൽഷ്യസും ഉത്തർപ്രദേശിലെ ഝാൻസിയിലും കാൻപൂരിലും 45.2 സെൽഷ്യസും മധ്യപ്രദേശിലെ പൃഥ്വിപൂർ, ഹരിയാനയിലെ ഭിവാനി എന്നിവിടങ്ങളിൽ 45.1 ഡിഗ്രി എന്നിങ്ങനെയാണ് താപനില.
ഡൽഹിയിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി ചൂട് കൂടുതലാണ്. 42.8 ഡിഗ്രി സെൽഷ്യയിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. തെക്കൻ ഡൽഹിയിലെ ആയ നഗറിൽ 43.4 ഡിഗ്രി സെൽഷ്യസും റിഡ്ജിൽ 43.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വടക്കൻ രാജസ്ഥാൻ, തെക്കൻ ഹരിയാന, ഡൽഹി, വടക്കൻ മധ്യപ്രദേശ്, തെക്കുകിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ പരമാവധി 43-45 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.















