ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച ആകാശ് എയർലൈൻസ് വിമാനത്തിൽ സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനം വഴിതിരിച്ചു വിട്ടു. ഒരു നവജാത ശിശു ഉൾപ്പെടെ 186 യാത്രികരുമായി പോയ വിമാനമാണ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിട്ടത്. എല്ലാ യാത്രികരെയും സർദാർ വല്ലഭായ് പട്ടേൽ അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതായി അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെയാണ് ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ആകാശ് എയർലൈൻസിന് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചത്. ഇതേത്തുടർന്ന് വിമാനം അഹമ്മദാബാദ് വഴി തിരിച്ചു വിടുകയായിരുന്നു. വിമാനം പരിശോധിച്ചു വരികയാണെന്നും യാത്രികരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായും സുരക്ഷാ ക്രമീകരണങ്ങൾ നടക്കുകയാണെന്നും ആകാശ എയർലൈൻസ് പറഞ്ഞു.
വിമാനങ്ങൾക്ക് നേരെ വർദ്ധിച്ചു വരുന്ന ബോംബ് ഭീഷണികളെ തുടർന്ന് അധികൃതരുടെ ഭാഗത്ത് നിന്ന് വളരെ കൃത്യമായ ജാഗ്രതാ നിർദേശങ്ങളും മുന്നറിയിപ്പുകളുമാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം വിസ്താര വിമാനത്തിന് നേരെയും ബോംബ് ഭീഷണി ഉയർന്നു വന്നിരുന്നു. 177 യാത്രികരുമായി ശ്രീനഗറിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിന് നേരെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇത് വ്യാജ ഭീഷണി സന്ദേശമാണെന്ന് കണ്ടെത്തുകയായിരുന്നു.















