ഇസ്ലാമബാദ്: ടൂറിസം മേഖലയിലേക്ക് കടന്ന് പാക് സൈന്യം. സൈന്യത്തിന്റെ ഉടമസ്ഥതയിൽ ഗ്രീൻ ടൂറിസം ലിമിറ്റഡ് എന്ന പേരിൽ കമ്പനി ആരംഭിച്ചു. ഹോട്ടലുകളും മറ്റും ആരംഭിക്കാനായി ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ 44 ടൂറിസം സൈറ്റുകൾ
കമ്പനി ഏറ്റെടുക്കുകയും ചെയ്തു. ഫെബ്രുവരി 8-ന് നടന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, ജനുവരി 26-നാണ് കമ്പനി രജിസ്റ്റർ ചെയ്തത്. 30 വർഷത്തേക്കാണ് കരാർ.
രാജ്യസുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെയുള്ള സൈന്യത്തിന്റെ നടപടിക്കെതിരെ പൊതുവികാരം ശക്തമാണ്. രാജ്യത്തുടനീളം വൻ വാണിജ്യ സ്ഥാപനങ്ങൾ മുതൽ ഹൗസിംഗ് കോളനികൾ വരെ നിലവിൽ പാക് സൈന്യം നടത്തുന്നുണ്ട്. ഗിൽജിത്-ബാൾട്ടിസ്ഥാൻ സർക്കാരും കമ്പനിയും കരാർ ഒപ്പിട്ടതിന് ശേഷമാണ് പാട്ടത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
സൈന്യത്തിന്റെ നീക്കത്തെ എതിർത്ത് മജ്‌ലിസ്-ഇ-വഹ്ദത്തുൽ മുസ്‌ലിമീൻ (എംഡബ്ലിയുഎം) അടക്കമുള്ള കക്ഷികൾ രംഗത്ത് വന്നു. ഗിൽജിത്-ബാൾട്ടിസ്ഥാനിലെ അവാമി ആക്ഷൻ കമ്മിറ്റിയും ദാസ് ഖരീം സുപ്രീം കൗൺസിൽ ഓഫ് ആസ്റ്റോരാറും പ്രതിഷേധം സംഘടിപ്പിച്ചു. വിനോദസഞ്ചാരമേഖലയിൽ പ്രാദേശിക നിക്ഷേപം സുഗമമാക്കുന്നതാണ് കരാർ എന്നാണ് പാക് സർക്കാരിന്റെ നിലപാട്.















