കൊച്ചി: കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചകളിൽ സർക്കാരിനെയും കോർപ്പറേഷനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കൊച്ചിയിലെ കാനകളുടെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നില്ലെന്ന് കോടതി വിമർശിച്ചു. ഇത്തരം മുന്നൊരുക്കങ്ങൾ അവസാന നിമിഷം ചെയ്യേണ്ട കാര്യമാണോ എന്ന് ചോദിച്ച കോടതി ഇക്കാര്യങ്ങൾ പറഞ്ഞു പറഞ്ഞു മടുത്തുവെന്നും യാതൊരു നടപടിയും ഉണ്ടായിക്കാണുന്നില്ലെന്നും വിമർശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.
മൺസൂണിന് മുൻപുള്ള തയ്യാറെടുപ്പുകൾ ദുർബലമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ വിമർശനം. കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കൃത്യമായ ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാകേണ്ടതല്ലേ എന്ന് കോടതി ചോദിച്ചു. കോടതി നൽകുന്ന നിർദ്ദേശങ്ങൾ ഉത്തരവുകളായി കണ്ട് പാലിക്കണം. എന്നാൽ അതൊന്നും ഉണ്ടായിട്ടില്ലെന്നും വാക്ക് മാത്രം പോരാ നടപടികൾ വേണമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസവും കോടതി രൂക്ഷമായ വിമർശനങ്ങൾ നടത്തിയിരുന്നു. മഴ തലയ്‌ക്ക് മുകളിൽ നിൽക്കുമ്പോഴല്ല ശുചീകരണ പ്രവർത്തനങ്ങളുമായി ഇറങ്ങേണ്ടതെന്ന് കോടതി പറഞ്ഞു. കുറച്ച് മണിക്കൂർ നിർത്താതെ മഴ പെയ്താൽ ജനങ്ങൾ ദുരിതത്തിലാകുന്ന അവസ്ഥയാണ് കൊച്ചിയിലേതെന്നും കോടതി ചൂണ്ടിക്കാട്ടി. ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.















