ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിലധികം പേരും പുതുമുഖ സ്ഥാനാർത്ഥികൾ. വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും 20 പേരാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച് വിജയിച്ചത്. ഇതിൽ 11 പേരും ബിജെപിയുടെ സ്ഥാനാർത്ഥികളാണെന്നതും ശ്രദ്ധേയമാണ്.
രാഷ്‌ട്രീയത്തിൽ പരിചയ സമ്പത്തുള്ള മുതിർന്ന സ്ഥാനാർത്ഥികളെ പിന്നിലാക്കിയാണ് പല പുതുമുഖ സ്ഥാനാർത്ഥികളും വിജയിച്ചത്. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ 4 പുതുമുഖങ്ങളാണ് വിജയിച്ചത്. പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിന്റെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും രണ്ടുവീതം സ്ഥാനാർത്ഥികളും ആദ്യമായി മത്സരിച്ച് വിജയിച്ചു. ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ച പുതുമുഖങ്ങളിൽ ഉൾപ്പെടുന്നു. മാറിവരുന്ന അരുണാചലിന്റെ രാഷ്‌ട്രീയ ചിത്രം കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.
അരുണാചലിൽ ഇന്നലെ നടന്ന വോട്ടെണ്ണലിൽ 60 ൽ 46 സീറ്റും നേടി പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള ബിജെപി വീണ്ടും അധികാരത്തിലെത്തി. ഒരു സീറ്റ് മാത്രം നേടാനായ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിയുടേത് ചരിത വിജയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പേമ ഖണ്ഡു മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ വികസനപ്രവർത്തങ്ങളാണ് വിജയത്തിന് പിന്നിലെന്ന് ആവർത്തിച്ചു.