റായ്പൂർ: ഛത്തീസ്ഗഡിൽ അജ്ഞാതരുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മാവേയിസ്റ്റ് സംഘങ്ങൾ കൂടുതലായുള്ള സുക്മ ജില്ലയിലാണ് ആക്രമണം നടന്നത്. ഗാദിരാസ് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഹെഡ് കോൺസ്റ്റബിളായ സോധി ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്.
അജ്ഞാത സംഘം പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണത്തിന് പിന്നാൽ മാവോയിസ്റ്റ് സംഘങ്ങളാണെന്നാണ് പൊലീസ് നിഗമനം. വിവരം ലഭിച്ചതോടെ പൊലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പ്രദേശത്ത് നിന്ന് നിരവധി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണ് സുക്മ. മാവോയിസ്റ്റുകളും അതിർത്തി സുരക്ഷാ സേനകളുമായി ഏറ്റുമുട്ടലുകളും ഇവിടെ നടക്കാറുണ്ട്.















