കോഴിക്കോട്: ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പേരാമ്പ്ര പന്തിരിക്കട സ്വദേശി ലത്തീഫാണ് പിടിയിലായത്. കാപ്പ നിയമം ചുമത്തി ജയിലിലടച്ചിരുന്ന പ്രതിയായിരുന്നു ഇയാളെന്നും ജയിൽ മോചിതനായ ശേഷം വീണ്ടും കഞ്ചാവ് കടത്തിയതിനെ തുടർന്നാണ് പിടിയിലായതെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിവിധ ഇടങ്ങളിൽ നിന്ന് കഞ്ചാവ് കടത്തി പല ജില്ലകളിലായിട്ടായിരുന്നു ലത്തീഫ് വിറ്റിരുന്നത്. പാലക്കാട് ഒലവക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായിരുന്ന ലത്തീഫിനെതിരെ കാപ്പ നിയമം ചുമത്തി ആറ് മാസത്തോളം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾ പുറത്തിറങ്ങിയത്.
എന്നാൽ ജയിൽ മോചിതനായ ശേഷവും ഇയാൾ കഞ്ചാവ് കടത്തുന്നതായി പൊലീസിനും എക്‌സൈസിനും വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ലത്തീഫ് പൊലീസിന്റെ നോട്ടപ്പുള്ളിയായി മാറി. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഇയാൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നേരത്തെ മോഷണം, അടിപിടി തുടങ്ങിയ കേസുകളിലും ഇയാൾ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.















