ദൈവത്താൽ രക്ഷിക്കപ്പെട്ടവരെ ആരാലും കൊല്ലാനാകില്ലെന്നൊരു ചൊല്ലുണ്ട്. ഇന്ത്യക്കാരുടെ ഈ പഴമൊഴിയെ അന്വർത്ഥമാക്കുന്ന സംഭവമാണ് അമേരിക്കയിലുണ്ടായിരിക്കുന്നത്. മരണത്തെ മുന്നിൽ കണ്ട് “നമസ്കാരം” പറഞ്ഞ് തിരികെ ജീവിതത്തിലേക്ക് എത്തിയ യുവാവാണ് വൈറൽ കഥയിലെ താരം. കൊളറാഡോ പൊലീസാണ് നാടകീയമായ സംഭവങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളെ അറിയിച്ചത്.
വെടിയുതിർത്തത് കഴുത്തിലേക്ക് പക്ഷെ, കഴുത്തിൽ കിടന്ന മാല ബുള്ളറ്റിനെ തടുത്ത് ജീവൻ രക്ഷിച്ചു. ഏകദേശം 10 മില്ലി മീറ്റർ വലിപ്പമുള്ള ബുള്ളറ്റായിരുന്നു യുവാവിന്റെ കഴുത്തിലെ ലോഹ മാലയിൽ പതിച്ചത്. വാക്കുതർക്കത്തിനിടെ പ്രകോപിതനായ അക്രമി കഴുത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. എന്നാൽ യുവാവിനെ മരണത്തിന് വിട്ടുകൊടുക്കാതെ ബുള്ളറ്റിനെ പ്രതിരോധിക്കാൻ മാലയ്‌ക്ക് കഴിഞ്ഞു. നിസാരമായ പരിക്ക് മാത്രമാണ് യുവാവിന് സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു.
ജീവൻ രക്ഷിച്ച മാലയുടെ ചിത്രം പൊലീസ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തിട്ടുണ്ട്. ബുള്ളറ്റ് പതിച്ചതിന്റെ അടയാളം മാലയിൽ വ്യക്തമായി കാണാം. ഏകദേശം പത്ത് മില്ലിമീറ്റർ വീതിയുള്ള സിൽവർ നിറമുള്ള മാലയാണ് ജീവൻരക്ഷാ സംവിധാനമായി മാറിയത്. അതിനിടെ പ്രതിയെ കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.















