തലവൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന ലെവൽ ക്രോസിന്റെ ടീസർ പുറത്ത്. ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ആസിഫ് ചിത്രത്തിലെത്തുന്നതെന്നാണ് ടീസറിൽ നിന്നുള്ള സൂചന.
നവാഗതനായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തത്. ജിത്തു ജോസഫിന്റെ പ്രധാന സഹസംവിധായകനാണ് അർഫാസ് അയൂബ്.
പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറിൽ രമേശ് പിള്ളയും സുധൻ സുന്ദരവുമാണ് ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ഒറ്റപ്പെട്ട വരണ്ട ഗ്രാമത്തിൽ ലെവൽ ക്രോസിൽ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും ട്രെയിനിൽ നിന്ന് വീണ് അപകടത്തിൽപെട്ട് അതിജീവിക്കുന്ന യുവതിയും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ത്രില്ലർ ജോണറിൽ ഒരുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകരാണ്. ദീപു ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റർ.