ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയത്.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായും നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. എൻഡിഎ സഖ്യം വിട്ട് കോൺഗ്രസിനും ആർജെഡിക്കുമൊപ്പം ബിഹാറിൽ സർക്കാർ രൂപീകരിച്ച നിതീഷ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് എൻഡിഎയിൽ തിരിച്ചെത്തിയത്. ബിഹാറിലെ രാഷ്‌ട്രീയ സാഹചര്യവും തെരഞ്ഞെടുപ്പിലെ വിജയസാദ്ധ്യതയും ഉൾപ്പെടെ കൂടിക്കാഴ്ചകളിൽ ചർച്ചയായതായാണ് വിവരം. ഏഴ് ഘട്ടങ്ങളിലായാണ് ബിഹാറിൽ വോട്ടെടുപ്പ് നടന്നത്.
മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ നിതീഷ് കേന്ദ്ര സർക്കാരിന്റെ ഭാഗമായേക്കുമെന്ന വാർത്തകളും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇത് എൻഡിഎ വൃത്തങ്ങളോ ബിജെപി നേതാക്കളോ സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്രത്തിലേക്ക് ഇല്ലെന്ന നിലപാടാണ് മുൻപ് പലപ്പോഴും നിതീഷ് പറഞ്ഞിട്ടുളളത്.
തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഏറെ ആത്മവിശ്വാസത്തിലാണ് ബിജെപി. എൻഡിഎ സർക്കാർ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ സർവേകൾ പറയുന്നത്.