തടിയുണ്ടെന്ന് പറഞ്ഞ് നിരവധി പേർ മാനസികമായി തളർത്താൻ നോക്കിയപ്പോൾ ആത്മവിശ്വാസം നൽകിയത് ധനുഷാണെന്ന് നടി അപർണ ബാലമുരളി. ധനുഷിനോടൊപ്പം അഭിനയിച്ച റയാൻ എന്ന ചിത്രത്തിലെ അണിയറപ്രവർത്തകരും തന്നോട് മോശമായിട്ട് സംസാരിച്ചിട്ടില്ലെന്ന് നടി പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് നടൻ ധനുഷിനൊപ്പമുള്ള ഓർമ്മ താരം പങ്കുവച്ചത്.
‘എനിക്ക് തടിയുണ്ടെന്ന് പറഞ്ഞ് നിരവധി പേർ എന്നെ തളർത്താൻ നോക്കിയിരുന്നു. എന്നാൽ, റയാൻ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ധനുഷ് സാർ, ഒരുപാട് ആത്മവിശ്വാസം എനിക്ക് നൽകിയിരുന്നു. ആളുകൾ നിരന്തരം നമ്മളെ കുറിച്ച് പറയുമ്പോൾ, നമ്മൾ ശ്രദ്ധിക്കും. പക്ഷെ, അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നാണ് സാർ എന്നോട് പറഞ്ഞത്.
ആളുകൾ തുടർച്ചയായി വണ്ണത്തെ കുറിച്ച് പറയുമ്പോൾ നമുക്ക് ബുദ്ധിമുട്ട് തോന്നാം. ആളുകളൊക്കെ ചിന്തിക്കാതെയാണോ സംസാരിക്കുന്നതെന്ന് തോന്നിപോകും. ഇപ്പോൾ, എന്റെ ഭാരം കുറഞ്ഞിട്ടുണ്ട്. പക്ഷെ, ആ സമയത്ത് എനിക്ക് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ, ‘റയാൻ’ ടീമിലെ ആരും എന്നോട് ബോധപൂർവ്വമോ അല്ലാതെയോ മോശമായി സംസാരിച്ചിട്ടില്ല.
നന്നായിട്ട് അഭിനയിക്കുക എന്നു മാത്രമാണ് അവർക്കുള്ളത്. എന്നെ സംബന്ധിച്ച് വളരെ അധികം ആത്മ വിശ്വാസം കിട്ടിയ സിനിമയായിരുന്നു റയാൻ.’- അപർണ ബാലമുരളി പറഞ്ഞു.