ന്യൂഡൽഹി: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാജ്യ തലസ്ഥാനത്ത് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്തൊരുക്കിയിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൃത്യമായ മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വോട്ടെണ്ണൽ സുഗമമായി നടത്തുന്നതിനായി വുപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഇതിനോടകം ഒരുങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്തുടനീളമുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 70 അംഗ സുരക്ഷാ സേനയെ ആണ് വ്യന്യസിച്ചിരിക്കുന്നത്. ഇതിനുപുറമെ ഗതാഗത നിയന്ത്രണങ്ങൾ രാവിലെ അഞ്ചു മണി മുതൽ തന്നെ ആരംഭിച്ചതായും അനാവശ്യമായ ഗതാഗത കുരുക്കുകൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തിനും ഇന്ന് സുപ്രധാന ദിനമാണ്. ഗുജറാത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി എസ്പി രവി തേജ വാസംസെട്ടി പറഞ്ഞു. മൂന്ന് ലെയർ സുരക്ഷാ സംവിധാനമാണ് സ്ട്രോംഗ് റൂമുകൾക്ക് മുന്നിലായി ഒരുക്കിയിരിക്കുന്നത്. ആദ്യ ലെയറിൽ CAPF, CISF തുടങ്ങിയ ഉദ്യോഗസ്ഥരാണുള്ളത്. രണ്ടാമത്തെ ലെയർ എസ്ആർപി ഉദ്യോഗസ്ഥരും മൂന്നാമത്തെ ലെയറിൽ ലോക്കൽ പൊലീസിെനയുമാണ് വിന്യസിച്ചിരിക്കുന്നത്. 500 പൊലീസുകാരും 65 മറ്റ് ഓഫീസർമാരും സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമാകും.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. രാജ്യം ആർക്കൊപ്പം എന്നറിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴും മൂന്നാം മോദി സർക്കാർ തന്നെ അധികാരത്തിലേറുമെന്നാണ് മിക്ക എക്സിറ്റ് പോളുകളുടെയും പ്രവചനം. ബിജെപി 400 സീറ്റുകൾ സ്വന്തമാക്കുമെന്നും ചില എക്സിറ്റ് പോളുകൾ ഇതിനോടകം പ്രവചിച്ചു. ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും മൂന്നാം മോദി സർക്കാരിനെ വരവേൽക്കാൻ ജനങ്ങൾ അക്ഷമരായി കാത്തിരിക്കുകയാണ്.