തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിൽ നിരോധനാജ്ഞ. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരത്താണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ അഞ്ച് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് നിരോധനാജ്ഞ. ഇതു പ്രകാരം വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരത്ത് അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടമായി നിൽക്കാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട്, വയനാട്, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് പരിധിയിലും കോഴിക്കോട് കോർപ്പറേഷൻ 11, 15 വാർഡുകളുടെ പരിധിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വയനാട്ടിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ ഡബ്ല്യുഎംഎ ആർട്സ് ആൻഡ് സയൻസ് കോളേജ് പരിസരത്തും താമരശേരി സെന്റ് അൽഫോൻസ സീനിയർ സെക്കൻഡറി സ്കൂൾ പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മണി വരെ നിരോധനാജ്ഞ തുടരുമെന്നും ജനങ്ങൾ അറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.















