ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾ ഇക്കുറിയും ബിജെപിയെ അധികാരത്തിലെത്തിക്കുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി ബൻസുരി സ്വരാജ്. വികസിത് ഭാരതത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ ക്ഷേമ പദ്ധതികൾ ജനങ്ങൾ അംഗീകരിച്ചുവെന്നും, അത് തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും ബൻസുരി പറയുന്നു.
പുലർച്ചെ ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൻസുരി. അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളായ ബൻസുരി സ്വരാജ് ഡൽഹിയിൽ നിന്നാണ് മത്സരത്തിനിറങ്ങിയത്. ആം ആദ്മിയുടെ സോമനാഥ് ഭാരതിയാണ് ബൻസുരിയുടെ പ്രധാന എതിരാളി. ” ഇന്ത്യയിലെ ജനങ്ങൾ ബിജെപിയുടെ ക്ഷേമനയങ്ങൾ തന്നെ ഭാവിയിലേക്കും തിരഞ്ഞെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ വികസന പദ്ധതികളും അദ്ദേഹത്തിന്റെ നയങ്ങളുമെല്ലാം ഈ രാജ്യം മുഴുവൻ അംഗീകരിച്ചതാണ്. അതുകൊണ്ട് ഇക്കുറിയും എൻഡിഎ തന്നെ അധികാരത്തിൽ എത്തുമെന്ന് പൂർണ ആത്മവിശ്വാസം ഉണ്ടെന്നും” ബൻസുരി സ്വരാജ് പറയുന്നു.
വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ സഖ്യമാണ് നിലവിൽ രാജ്യത്ത് ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ടം മുതൽ എൻഡിഎ വ്യക്തമായ ലീഡ് നിലനിർത്തിയിട്ടുണ്ട്. മുന്നൂറോളം സീറ്റുകളിൽ എൻഡിഎ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നുണ്ട്. രാജ്യത്ത് തുടർഭരണം ഉണ്ടാകുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോൾ സർവേകളും പ്രവചിച്ചിരിക്കുന്നത്. ഇത് ശരിവയ്‌ക്കുന്ന രീതിയിൽ തന്നെയാണ് ആദ്യ സൂചനകൾ മുന്നോട്ട് പോകുന്നത്.















