തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ സന്ദർശിച്ച് പ്രകാശ് ജാവദേക്കർ. ലീഡ് നില അര ലക്ഷത്തിലേറെ കടന്നതോടെയാണ് കേരളത്തിന്റെ സംഘടനാ ചുമതലയുളള നേതാവ് കൂടിയായ പ്രകാശ് ജാവദേക്കർ സുരേഷ് ഗോപിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചത്.
തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലായിരുന്നു സുരേഷ് ഗോപി. ഇവിടെയെത്തിയാണ് പ്രകാശ് ജാവദേക്കർ അദ്ദേഹത്തെ സന്ദർശിച്ചത്. കേരളത്തിൽ ബിജെപി ചരിത്രം രചിച്ചിരിക്കുകയാണെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രകാശ് ജാവദേക്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരള രാഷ്‌ട്രീയം മാറ്റി മറിച്ചു. കേരളത്തിലെ ബിജെപി പ്രവർത്തകർ ഏറെ ത്യാഗങ്ങൾ സഹിച്ചതിന് ലഭിച്ച അംഗീകാരമാണിതെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
തൃശൂരും തിരുവനന്തപുരവും രണ്ട് എംപിമാരുടെ വിജയം കേരളത്തിൽ ഉറപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അന്തിമഫലത്തിന് ശേഷം പാർട്ടി ഇത് ആഘോഷിക്കും. കേരളത്തിലെ പ്രവർത്തകർക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാണ്. 75 വർഷമാണിതെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. എൽഡിഎഫും യുഡിഎഫും ജനങ്ങളോട് വേർതിരിവ് കാണിച്ചു. നരേന്ദ്ര മോദി അങ്ങനെ കാണിച്ചില്ല.
കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ജനങ്ങൾക്ക് മോദി ഭരണത്തിന്റെ പുരോഗതി കാണാം. മോദിയുടെ ജനക്ഷേമ പദ്ധതികൾക്കുളള അംഗീകാരം കൂടിയാണ് ഈ വിജയമെന്നും ജാവദേക്കർ പറഞ്ഞു.















