തിരുവനന്തപുരം: ലോകസ്ഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ലീഡ് നില കുത്തനെ ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 23930 വോട്ടുകളുടെ ലീഡാണ് കേന്ദ്രമന്ത്രി കൂടിയായ രാജീവിനുള്ളത്. 1,89,982 വോട്ടുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. സിറ്റിംഗ് എംപിയായ ശശി തരൂരിന് ശക്തമായ സ്വാധീനമുള്ള തീരദേശ മേഖലകളിൽ പോലും എൻഡിഎ മികച്ച മുന്നേറ്റമാണ് കാഴ്ച വയ്‌ക്കുന്നത്.
തലസ്ഥാനത്തിന്റെ വികസനം എടുത്ത് പറഞ്ഞാണ് രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 15 വർഷം തലസ്ഥാനം ഭരിച്ച ശശി തരൂർ വികസനത്തിന്റെ പേരിൽ ജനങ്ങളെ വഞ്ചിച്ചതും കേന്ദ്രപദ്ധതികൾ പോലും സ്വന്തം പേരിലാക്കി ക്രെഡിറ്റ് അടിച്ചെടുത്തതും ജനങ്ങളെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. ഒരു സമയത്ത് പോലും ലീഡുയർത്താൻ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനായിട്ടില്ല.
സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിലാണ് എൻഡിഎ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. ബിജെപി സംസ്ഥാന കാര്യാലയത്തിൽ നേതാക്കളും പ്രവർത്തകരും വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യം ഉറ്റുനോക്കുന്ന തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ 58,107 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ജയം ഉറപ്പിച്ചിരിക്കുകയാണ്. 2,92,992 വോട്ടുകളാണ് സുരേഷ് ഗോപി ഇതുവരെ നേടിയത്.