ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഉഗാണ്ടക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. 125 റൺസിന്റെ കൂറ്റൻ വിജയമാണ് അവർ സ്വന്തമാക്കിയത് . എല്ലാ മേഖലകളിലും കാഴ്ചവച്ച സമഗ്രാധിപത്യമാണ് അഫ്ഗാന് ജയം സമ്മാനിച്ചത്. 5 വിക്കറ്റ് നേടിയ ഫസൽ ഫാറൂഖിയാണ് ഉഗാണ്ടയുടെ നട്ടെല്ലൊടിച്ചത്. ഓപ്പണർമാരായ റഹ്‌മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും അർദ്ധ സെഞ്ച്വറികളുമായി മികച്ച പ്രകടനം പുറത്തെടുത്തു. സ്‌കോർ: അഫ്ഗാനിസ്ഥാൻ 183/5; ഉഗാണ്ട 58
ഓപ്പണർമാരായ ഗുർബാസും സദ്രാനും ഇന്നിംഗ്സിന്റെ തുടക്കം മുതലെ തകർത്ത് അടിച്ചാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 154 റൺസാണ് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. 46 പന്തുകളിൽ നിന്ന് 9 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 70 റൺസ് നേടിയ സദ്രാന്റെ വിക്കറ്റ് അഫ്ഗാന് ആദ്യം നഷ്ടമായത്. കോസ്മസിനായിരുന്നു ആദ്യ വിക്കറ്റ്.പിന്നാലെ ഗുർബാസിനെ(76) അൽപേഷ് രാംജനി റിയാസത്ത് അലി ഷായുടെ കൈകളിലെത്തിച്ചു. 4 ബൗണ്ടറികളും 4 സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
എന്നാൽ പിന്നീടെത്തിയവർക്കാർക്കും അവസരം മുതലാക്കാൻ സാധിച്ചില്ല. നജീബുള്ള സദ്രാൻ(2), ഗുലാബ്ദിൻ നയിബ്(4), അസ്മത്തുള്ള ഒമർസായി(5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മുഹമ്മദ് നബിയും(14) റാഷിദ് ഖാനും(2) പുറത്താകാതെ നിന്നു. 184 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഉഗാണ്ടയ്‌ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും മേൽകൈ നേടാൻ സാധിച്ചില്ല.
ഒരു സമയത്ത് പോലും മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ സാധിച്ചില്ല. ആദ്യ ഓവറുകളിൽ തന്നെ ഫസൽ ഫാറൂഖി ഉഗാണ്ടയുടെ മുൻനിരയെ വീഴ്‌ത്തി. റോബിൻസൺ ഒബൂയയും(14) റിയാസത്ത് അലിഷായുമാണ് (11) ഉഗാണ്ടൻ നിരയിൽ രണ്ടക്കം കടന്നവർ. മറ്റാർക്കും ക്രീസിൽ പിടിച്ചുനിൽക്കാനായില്ല.
ഇതോടെ ഉഗാണ്ടയുടെ ഇന്നിംഗ്‌സ് 58 റൺസിൽ അവസാനിക്കുകയായിരുന്നു. നാല് ഓവറിൽ 9 റൺസ് വഴങ്ങിയാണ് ഫാറൂഖി 5 വിക്കറ്റ് വീഴ്‌ത്തിയത്. നവീൻ ഉൾ ഹഖ് , റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.