ഗാന്ധിനഗർ: ഗാന്ധിനഗർ ലോക്സഭാ സീറ്റിൽ കുതിപ്പ് തുടർന്ന് അമിത് ഷാ. അഞ്ചു ലക്ഷം വോട്ടുകളുടെ കൂറ്റൻ ലീഡാണ് അമിത്ഷാ ഇതിനോടകം നേടിക്കഴിഞ്ഞത്. എതിർസ്ഥാനാർത്ഥി കോൺഗ്രസിന്റെ സോണൽ രമൺഭായ് പട്ടേലിനെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായുടെ കുതിപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 7 ലക്ഷത്തിലധികം വോട്ടുകൾ അമിത്ഷാ നേടിയിട്ടുണ്ട്.
ഗുജറാത്തിലെ 25 ലോക്സഭാ സീറ്റുകളിൽ രാവിലെ 8 മണിമുതൽ തുടങ്ങിയ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 2019 ലും ഗാന്ധിനഗറിൽ നിന്നും ജനവിധി തേടിയ അമിത്ഷാ വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 5 .57 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ ജയിച്ചു കയറിയത്. രണ്ടാം തവണയും ഗാന്ധിനഗറിൽ എത്തുമ്പോൾ ജനങ്ങൾ വീണ്ടും അമിത്ഷായെ ഹൃദയത്തിലേറ്റിയിരിക്കുകയാണ്. ഇതിനുമുൻപ് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ് ഗാന്ധിനഗർ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും 1996 ൽ ഈ മണ്ഡലത്തിൽ ജനവിധി തേടി ജയിച്ചിരുന്നു.