തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തന്റെ രാഷ്‌ട്രീയ ദൈവമെന്ന് സുരേഷ് ഗോപി. ഒഴുക്കിനെതിരെ നീന്തിക്കയറിയ വിജയമാണിതെന്നും ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് ദൈവങ്ങൾ തനിക്ക് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരപ്പൻ, വടക്കുംനാഥൻ, തിരുവമ്പാടി കണ്ണൻ, നെയ്തലക്കാവിലമ്മ, പാറമേക്കാവിലമ്മ, ക്യാർത്ത്യായനി ദേവി, ലൂർദ് മാതാവ് അങ്ങനെ തൃശൂരിലെ വിജയം അനുഗ്രഹമായി നൽകിയ എല്ലാ ദൈവങ്ങൾക്കും നന്ദി. ഒരു വലിയ കഷ്ടപ്പാടിന്റെ വിജയമാണിത്. വ്യക്തിപരമായ ഒരുപാട് ദ്രോഹങ്ങൾ എനിക്കെതിരെ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തുവന്നിട്ടുണ്ട്. അതിൽ നിന്ന് നീന്തി കയറാൻ എന്നെ സഹായിച്ചത് ദൈവങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരെ നടന്ന കുപ്രചാരണങ്ങളിലെ സത്യം തൃശൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവർ എന്നെ വിജയിപ്പിച്ചത്. ഞാനവരെ പ്രജാദൈവങ്ങൾ എന്നാണു വിളിക്കുന്നത്. വഴിതെറ്റിക്കാൻ നോക്കിയപ്പോഴൊക്കെ ദൈവങ്ങൾ അവരുടെ മനസ് ശുദ്ധമാക്കി എന്നിലൂടെ എന്റെ രാഷ്‌ട്രീയകക്ഷിയിലേക്കും തിരിച്ചുവിട്ടെങ്കിൽ, ഇത് അവർ നൽകിയ അനുഗ്രഹമാണ്. തൃശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നുവെന്നും അവരാണ് ജയം സാധ്യമാക്കിയതെന്നും സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
2023-ലാണ് മണ്ഡലത്തിൽ ഞാൻ ആദ്യമായി എത്തുന്നത്. അവിടെ എത്തിച്ച അമിത് ഷായ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയാണ് എന്റെ രാഷ്‌ട്രീയ ദൈവം. പലപ്പോഴായി പ്രധാനമന്ത്രിയും അമിത് ഷായുമാണ് എന്റെ നേതാക്കളെന്നും സൂപ്പർ ഹീറോസെന്നും പറഞ്ഞിട്ടുണ്ട്. അത് ഇന്നും ആവർത്തിക്കുകയാണ്. ഇന്ദിരാ ഗാന്ധി, നരസിംഹറാവു, മോറാർജി ദേശായി, ജയപ്രകാശ് നാരായണൻ, എൽകെ അദ്വാനി, വാജ്‌പേയ്, ഇകെ നായനാർ, കെ കരുണാകരൻ എന്നിവരുടെയെല്ലാം അനുഗ്രഹം തനിക്കെപ്പമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.