തിരുവനന്തപുരം: ജനങ്ങൾ സമ്മാനിച്ച വൻ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ഗോപി. ജനങ്ങൾ നൽകിയ വിശ്വാസത്തിന് നന്ദി പറയുന്നുവെന്നും കേരളത്തിന് വേണ്ടി എല്ലാതരത്തിലും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എംയിസ് കൊണ്ടു വരികയാണ് തന്റെ ആദ്യ ലക്ഷ്യമെന്നും വാർത്ത ഏജൻസിയായ എഎൻഐ-യോട് സുരേഷ് ഗോപി പ്രതികരിച്ചു.
“ഞാൻ ആകെ ഒരു ഉന്മാദാവസ്ഥയിലാണ്. അസാധ്യമായത് എന്ന് വിചാരിച്ചിരുന്നത് മഹത്തായ രീതിയിൽ സാധ്യമായി. തീർച്ചയായും ഇതെന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അനുഗ്രഹമായിരിക്കും. അവർ 30-ാം വയസ് മുതൽ ജനസംഘത്തിൽ പ്രവർത്തിച്ച് വന്നിരുന്നു. അവരുടെയെല്ലാം അനുഭവങ്ങളുടെ ഫലമാണ് ഇന്ന് ലഭിച്ചത്. ഇത് അവർക്കുള്ള സമർപ്പണമാണ്. മാത്രമല്ല, പി.പി മുകുന്ദൻ, മാരാർജി പോലുള്ള നിരവധി നേതാക്കളുടെ പ്രയത്നങ്ങൾക്ക് ലഭിച്ച ആദരവ് കൂടിയാണ്. ഏകദേശം 800 ലധികം കുടുംബങ്ങൾ പാർട്ടയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചു. അവർക്കും ഈ വിജയം സമർപ്പിക്കുന്നു”.
“ഇത് വെറും 62 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ആയിരുന്നില്ല. കഴിഞ്ഞ ഏഴ് വർഷമായി നടത്തിയത് വളരെ വൈകാരികമായ യാത്രയായിരുന്നു. ഞാൻ കേരളത്തിനുവേണ്ടി പ്രവർത്തിക്കും. AIIMS കൊണ്ടുവരിക എന്നതാണ് ആദ്യ ലക്ഷ്യം. കേരള മുഖ്യമന്ത്രി അതിനുള്ള സ്ഥലം കണ്ടെത്തി തരികയാണെങ്കിൽ കേന്ദ്ര സംഘവും മെഡിക്കൽ സംഘവും എയിംസ് ഇവിടെ കൊണ്ടുവന്നിരിക്കും”- സുരേഷ് ഗോപി പറഞ്ഞു.